കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ വിവരാവകാശ രേഖ പുറത്ത്. യോഗ്യതയില്‍ പ്രിയ വര്‍ഗീസ് ഏറെ മുന്നിലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. നിയമനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച ജോസഫ് സ്കറിയ എന്നയാള്‍ക്ക് അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലെന്നും തെളിഞ്ഞു.
അക്കാദമിക രംഗത്തെ മറ്റ് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ജോസഫ് സ്കറിയയ്ക്ക് ബിരുദത്തിന് 52 ശതമാനം മാര്‍ക്കാണുള്ളത്. എന്നാല്‍ ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരില്‍ ബിരുദത്തിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കുന്നത് പ്രിയ വര്‍ഗീസാണ്. 70 ശതമാനം മാര്‍ക്കാണ് പ്രിയ വര്‍ഗീസിനുള്ളത്. മറ്റൊരു വസ്തുതയെന്തെന്നാല്‍ മുഴുവന്‍ അപേക്ഷരുടെയും ബിരുദ മാര്‍ക്ക് പരിശോധിച്ചാല്‍ ഏറ്റവും കുറവ് മാര്ക്കുള്ളയാളാണ് ജോസഫ് സ്കറിയ. ബിരുദാനന്തര ബിരുദത്തില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളത്. അതിലൊരാള്‍ പ്രിയ വര്‍ഗീസും മറ്റൊരാള്‍ ഗണേഷ് സിയുമാണ്.
യോഗ്യത സംബന്ധിച്ച അക്കാദമിക മാനദണ്ഡങ്ങളില്‍ പ്രിയ വര്‍ഗീസിനേക്കാള്‍ മികച്ച റെക്കോഡ് ജോസഫ് സ്ക്കറിയയ്ക്കുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ജോസഫ് സ്കറിയയക്ക് അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലെന്ന് വ്യക്തമായിരിക്കുന്നത്.
ഉദ്യേഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജേര്‍ണലുകളുടെ അംഗീകാരം ഇവ സംബന്ധിച്ച് സ്ക്രീനിംഗ് കമ്മിറ്റിയോ സെലക്ഷന് കമ്മിറ്റിയോ പ്രത്യേകം രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടി രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയെന്ന് പ്രിയ വര്‍ഗീസ് നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.