ഗുരുവായൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് നിയോജകമണ്ഡലം കണ്‍വെന്‍ഷനിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സംഘാടനം ചര്‍ച്ച ചെയ്യാന്‍ വടക്കേക്കാട് എം ആന്‍ഡ് ടി ഹാളില്‍ ശനിയാഴ്ച ചേര്‍ന്ന നേതൃകണ്‍വെന്‍ഷനിലായിരുന്നു ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍.
ടി എന്‍ പ്രതാപന്‍ എം പി നേതൃയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടയിലേക്ക് ഒരുകൂട്ടം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തുകയായിരുന്നു. തുടര്‍ന്ന യോഗത്തിനെത്തിയവരും പ്രതിഷേധക്കാരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി.
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ഗുരുവായൂര്‍, വടക്കേക്കാട് എന്നീ രണ്ട് ബ്ലോക്കുകളുടെ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, ബൂത്ത് പ്രസിഡണ്ടുമാര്‍, പോഷക സംഘടനകളുടെ സംസ്ഥാന ജില്ല ബ്ലോക്ക് ഭാരവാഹികള്‍, കോണ്‍ഗ്രസ് ജനപ്രതിനിധികള്‍, യൂത്ത് കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ്, സേവാദള്‍, ന്യൂനപക്ഷ, ഐഎന്‍ടിയുസി, മഹിളാ കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ് തുടങ്ങിയ പോഷകസംഘടനകളുടെ നേതാക്കളെയും ഭാരവാഹികളെയുമാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ കണ്‍വന്‍ഷനിലേക്ക് പുന്നയൂര്‍ക്കുളം, അണ്ടത്തോട് മേഖലകളില്‍ നിന്നുള്ള നേതാക്കള്‍ എത്തി. ഇതോടെയാണ് യോഗം കയ്യാങ്കളിയിലേക്ക് വഴിമാറിയത്. സ്ഥിതി കൈവിട്ടതോടെ കണ്‍വെന്‍ഷന്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് നേതാക്കള്‍ സ്ഥലം വിട്ടു