തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനം തിങ്കൾ വൈകിട്ട് നാലിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്ത് 87 ലക്ഷം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനാകുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. 425 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. സപ്ലൈകോയുടെ 56 ഡിപ്പോ കേന്ദ്രീകരിച്ച് 1400- ഇടത്ത് പാക്കിങ് പുരോഗമിക്കുന്നു. വെള്ളി രാവിലെവരെ 57 ലക്ഷം കിറ്റ് തയ്യാറായി. ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡുണ്ട്. ജില്ലാകേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ റേഷൻ കാർഡുടമകൾക്ക് കിറ്റ് ലഭിക്കും. സപ്ലൈകോ സംസ്ഥാനത്തുടനീളം ഓണം ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്‌ഘാടനം 26ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി നിർവഹിക്കും.
ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളില്‍ എ.എ.ഐ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ വിതരണം നടത്തും. ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളില്‍ പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും. സെപ്റ്റംബര്‍ 4, 5, 6, 7 എന്നീ നിശ്ചയിക്കപ്പെട്ട തീയതികളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും കിറ്റ് വാങ്ങാവുന്നതാണ്.