ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഐ(എം) കേന്ദ്ര കമ്മറ്റിയംഗവുമായ എ കെ ബാലൻ. കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സമീപനം ഭരണഘടനാ വിരുദ്ധവും യൂണിവേഴ്സിറ്റി ആക്ടിന് വിരുദ്ധവുമാണെന്നും എ കെ ബാലൻ പറഞ്ഞു. പി കൃഷ്ണപിള്ള ദിനത്തിൽ എ കെ ജി സെന്ററിൽ പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണറുടെ സമീപനത്തോട് കേരളീയ സമൂഹത്തിന് പൊരുത്തപ്പെടാനാകില്ല. സ്വജനപക്ഷപാതമെന്നാണ് ഗവർണർ പറയുന്നത്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല ഇത്. വൈസ് ചാൻസലർക്കെതിരെ പൊതു സമൂഹത്തിൽ ചില കാര്യങ്ങൾ ഗവർണർ പറഞ്ഞു. അതിന്റേതായ ആശങ്ക ജനങ്ങൾക്കുണ്ടാകും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് വൈസ് ചാൻസലറുടെ പുനഃപ്രവേശം നടന്നത്. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിർഭാഗ്യകരമാണ്. മെറിറ്റിലുള്ളവർ നേതാക്കളുടെ മക്കളായാൽ അവർക്ക് ജോലി നൽകരുതെന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും എ കെ ബാലൻ പറഞ്ഞു.
ഏറ്റവും കൂടുതൽ സ്കോറുള്ള ആളെയല്ല നിയമിക്കുക, മിനിമം സ്കോർ മതി. അതിനപ്പുറം എത്ര സ്കോർ നേടിയാലും വെയ്റ്റേജ് ഇല്ല. പെർഫോമൻസും മറ്റ് യോഗ്യതകളും ഒപ്പം പരിഗണിക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ ബിജെപിയുടെ ചട്ടുകമാകരുതെന്ന് നേരത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ താൽപ്പര്യം അനുസരിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന ആരോപണവും ഗവർണർക്കെതിരെ നിലനിൽക്കുന്നുണ്ട്.