ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്. പ്രതികളെ മാനുഷിക പരിഗണനയുടെ പേരിലാണ് മോചിപ്പിച്ചത്. ഇതാദ്യമായിട്ടല്ല 20 വര്‍ഷത്തോളം ജയിലില്‍ കിടന്നവരെ മോചിപ്പിക്കുന്നതെന്നും വി മുരളീധരന് ദില്ലിയില്‍ പറഞ്ഞു.
ഹീനവും ക്രൂരവുമായ കുറ്റകൃത്യം ചെയ്ത പ്രതികളെയാണ് മോചിപ്പിച്ചതെന്ന് പോലും പരിഗണിക്കാതെയാണ് വി മുരളീധരൻ്റെ പ്രതികരണം. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി തടവുകാര്‍ക്കുള്ള പ്രത്യേക മോചന നയം പ്രകാരം ബലാത്സംഗ കുറ്റവാളികളെ മോചിപ്പിക്കരുതെതന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഈ നയത്തിന് വിരുദ്ധമാണ് മോചനം ന്യായീകരിച്ചുകൊണ്ടുള്ള വി മുരളീധരന്റെ പ്രതികരണം.
2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ്് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.