അവയവ ദാനത്തിന്റെ മഹത്തായ മാതൃക സൃഷ്ടിച്ച് ഡി വൈ എഫ് ഐ നേതാവ്. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന സിപിഐ(എം) പേരൂർക്കട ഏരിയാ സെക്രട്ടറി എസ് എസ് രാജലാലിന് ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും കരകുളം മേഖല ജോയിൻ സെക്രട്ടറിയുമായ പ്രിയങ്ക നന്ദ കരൾ നൽകി. കരൾ മാറ്റിവെക്കാൻ സിപിഐ(എം) നേതാവ് എസ് എസ് രാജലാൽ ദാതാവിനെ തേടുന്ന വിവരം ഡിവൈഎഫ്ഐ നേതാവ് പ്രിയങ്ക അറിയുന്നത് തീർത്തും അപ്രതീക്ഷിതമായാണ്. സിപിഐ(എം) ഏണിക്കര ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിന്റെ കടയിൽ വെച്ച് ദാതാവിനെ തേടുന്ന വിവരം അറിഞ്ഞ പ്രിയങ്ക വൈകീട്ട് പ്രശാന്തിന്റെ വീട്ടിൽ ചെന്ന് തന്റെ കരൾ മച്ചാകുമെങ്കിൽ കരൾ നൽകാൻ സമ്മതമാണെന്ന് അറിയിച്ചു.
ഒപ്പം ഒരു നിബന്ധന കൂടി മുന്നോട്ടുവെച്ചു, ശസ്ത്രക്രിയ കഴിയുന്നതുവരെ താനാണ് ദാതാവെന്ന കാര്യം രാജലാൽ അറിയരുതെന്ന് വാക്കുവാങ്ങി. രാജലാലിന്റെ ആരോഗ്യനില അപ്പോഴേക്കും മോശമായി തുടങ്ങിയിരുന്നു. കരൾ മാച്ചായതോടെ ജൂലൈ പതിനൊന്നിന് ശസ്ത്രക്രിയ നടത്തി. പന്ത്രണ്ട് മണിക്കൂറുകളോളം നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ച പിന്നെയും ആശുപത്രിൽ ചെലവഴിച്ചു. ആദ്യം മുതൽ ആരോഗ്യനില വീണ്ടെടുക്കുന്നതുവരെ രണ്ടു സഖാക്കൾക്കും പൂർണ പിന്തുണ നൽകി സിപിഐ(എം) – ഡിവൈഎഫ്ഐ നേതൃത്വങ്ങൾ ഒപ്പമുണ്ടായിരുന്നു. അവയവ ദാനത്തിന് ബന്ധുക്കൾപോലും തയ്യാറാകാത്ത കാലത്താണ് മനുഷ്യത്വത്തിന്റെ മാതൃകയായി ഡിവൈഎഫ്ഐ നേതാവ് മാറിയത്.
എന്റെ തീരുമാനങ്ങൾക്ക് ഒപ്പം നിന്നവർക്ക്, സ്നേഹം അറിയിച്ചവർക്ക്, കൂടെ കൂടിയവർക്ക്, പ്രശാന്തേട്ടൻ, അജിസഖാവ്, സിന്ധു ചേച്ചി, എന്റെ മോളെ ഒരു മാസം പൊന്നുപോല നോക്കിയ അജന ചേച്ചിക്ക്, പ്രവീൺ ചേട്ടൻ, അരുൺ ചേട്ടൻ ,ആദ്യം മുതൽ ഒപ്പം നിന്ന സിപിഐ(എം) തിരുവനന്തപുരം ജില്ലാകമ്മറ്റിക്ക്, ജില്ലാ സെക്രട്ടറി സ :ആനാവൂർ നാഗപ്പൻ, സ :കടകംപള്ളി സുരേന്ദ്രൻ , ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി, മനക്കരുത്തും ആത്മവിശ്വാസവും നൽകി കൂടെ നിന്ന പ്രിയപ്പെട്ടവർ, കരകുളം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും,KCEU (CITU), പ്രവർത്തകർ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, എറണാകുളത്തെ പ്രിയ സഖാക്കൾ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരായിരം സഖാക്കളോട് സ്നേഹം മാത്രം. ഒന്നേ പറയാനുള്ളൂ, ഈ ചെങ്കൊടി കരുത്താണ്, രക്തസാക്ഷികൾ ജീവൻ കൊടുത്തുയർത്തിയ പ്രസ്ഥാനം എന്ന് പ്രിയങ്ക ഫേസ്ബുക്കിൽ കുറിച്ചു.