രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾ വേട്ടയാടുന്ന വേളയിൽ എല്ലാ മത വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജസ്ഥാനിൽ അധ്യാപകന്റെ ക്രൂര മർദ്ദനത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒൻമ്പത് വയസുകാരൻ ഇന്നലെ മരിച്ചതിന് പിന്നാലെയാണ് എല്ലാ മത വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
ഇന്ത്യയുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിൻ്റെ കരുത്ത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന ആരോപണങ്ങൾക്കിടയിലാണ് ഫെഡറലിസത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.