സങ്കുചിതമായ ചിന്തകൾ ജനങ്ങളെ വേർതിരിക്കാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. എല്ലാ മതങ്ങളും ഉത്ബോധിപ്പിക്കുന്നത് സ്നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറണമെന്നാണെന്നും, പരസ്പരം ബഹുമാനിക്കാനാണ് മതങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ മഹത്തായ ദർശനം ഉപനിഷ്ത്താണ്. അത് നമ്മെ പഠിപ്പിക്കുന്നത് തത്ത്വമസിയാണെന്നും മന്ത്രി പറഞ്ഞു.
‘1947 ആഗസ്റ്റിൽ 15ന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മഹാത്മ ഗാന്ധി ബംഗാളിലാണ് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനൊപ്പം വിഭജനത്തിന്റെ വേദനയെ അതിജീവിക്കുന്നതിന് അദ്ദേഹം ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. ആഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ നമുക്ക് ഒരു പ്രതിജ്ഞ എടുക്കണം, അത് രാജ്യത്തെ ജനങ്ങളെ സേവിക്കണമെന്നായിരുന്നു, 1947 ആഗസ്റ്റിൽ പതിനഞ്ചിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്ന് നമുക്ക് ഒരു പ്രതിജ്ഞ എടുക്കണം. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കും എന്ന പ്രതിഞ്ജ.’ എന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.