ആർഎസ്എസിൻ്റെ രക്ഷാബന്ധൻ മഹോത്സവത്തിൽ അധ്യക്ഷൻ കോൺഗ്രസ് ഡിസിസി അംഗം. ഞായറാഴ്ച കൊളത്തൂർ ശ്രീ ശങ്കര വിദ്യാമന്ദിരത്തിൽ നടക്കുന്ന ആർഎസ്എസിൻ്റെ രക്ഷാബന്ധൻ മഹോത്സവത്തിലാണ് കോഴിക്കോട് ഡിസിസി അംഗം രാജീവൻ കൊളത്തൂർ അധ്യക്ഷനായി പങ്കെടുക്കുന്നത്. വിവരം പുറത്തായതോടെ ഡിസിസി അംഗത്തിനെതിരെ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിച്ചു.
രാജീവനെ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തണമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പാർട്ടി കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകി. കോൺഗ്രസിന്റെ ഐക്യത്തിന് യോജിക്കാത്ത കാര്യങ്ങൾ നിരന്തരം ചെയ്യുന്നുവെന്ന് കാണിച്ച് നന്മണ്ട മണ്ഡലം കമ്മിറ്റി രാജീവനെതിരെ പരാതി നൽകിയിട്ടുണ്ട്. വിഷയം അന്വേഷിക്കാൻ ജില്ലാ ജനറൽ സെക്രട്ടറി മഠത്തിൽ നാണുവിനെയും ഡിസിസി ചുമതലപ്പെടുത്തി.