കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ ആലിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അതിനുവേണ്ടി ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നു. ആർഎസ്എസ് പ്രചാരകരും പ്രവർത്തകരുമാണ് ഗവർണർ ഓഫീസ് നിയന്ത്രിക്കുന്നത്. മറ്റു രാഷ്ട്രീയ നേതാക്കളെ തകർക്കാൻ കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിക്കുകയാണ്. ബിജെപിയിതര സർക്കാരുകൾ ഭീഷണി നേരിടുന്നു. രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിലേക്ക് നയിക്കപ്പെടുന്ന അവസ്ഥയിലാണ്. സംഘപരിവാർ ശക്തികൾ ഇന്ത്യയെ ലോകരാജ്യങ്ങൾക്കുമുന്നിൽ തലകുനിക്കേണ്ട സ്ഥിതിയിലേക്ക് തള്ളിവിട്ടിരിക്കുകയണെന്നും ഇ പി ജയരാജൻ പറഞ്ഞു.
പയ്യന്നൂരിൽ എൽഡിഎഫ് സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക സെമിനാർ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ. കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിനെ താഴെയിറക്കാൻ ഗവർണർ കൈവിട്ട കളി കളിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.