സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം ശ്രമിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്രം കേരളത്തിനെതിരെ കരുനീക്കം നടത്തുന്നത്. ഗവർണർ കൈവിട്ട കളിയാണ് കളിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ എന്തുവില കൊടുത്തും സർക്കാരിനെ സംരക്ഷിക്കുമെന്നും കേന്ദ്രത്തിന്റെ ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
മാധ്യമങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങൾ തമസ്കരിക്കാനുള്ള ശ്രമിക്കുന്നതിനാൽ സർക്കാർ നേട്ടം ജനങ്ങളിൽ എത്തിക്കാൻ ശക്തമായ പരിപാടികൾ സംഘടിപ്പിക്കും. തുടർഭരണത്തിന് കാരണമായ പ്രധാനഘടകം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളായിരുന്നു. എന്നാൽ എല്ലാ വികസന പ്രവർത്തനവും സ്തംഭിപ്പിക്കാനുള്ള നടപടികളാണ് പ്രതിപക്ഷം നടത്തുന്നത്. ഇക്കാര്യത്തിൽ കേന്ദ്രത്തിലെ ബിജെപി ഭരണം ഉപയോഗപ്പെടുത്തിയുള്ള ഇടപെടലുകൾ നടത്തുന്നു. കേന്ദ്രത്തിന്റെ ഈ നിലപാടുകൾ കേരളത്തിലെ കോൺഗ്രസിന് അനുകൂലമായാണ് വരുന്നത്. മുഖ്യമന്ത്രിക്കെതിരെ സവിശേഷമായ ആക്രമണമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കിഫബിയെയും അതുവഴി കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയും തകർക്കാൻ എൻഫോയ്സ്മെന്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന തുരങ്കം വെക്കലിനെതിരെ കോടിയേരി വിമർശിച്ചു. കഴിഞ്ഞ ദിവസം കിഫ്ബി വിഷയത്തിൽ കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകരെ ഹൈക്കോടതി വിമർശശിച്ചിരുന്നു.