മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ്. കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഫിഖിലിനും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡണ്ട് സുദീപ് ജയിംസിനുമാണ് പൊലീസ് നോട്ടീസ് നൽകിയത്. ദുൽഫിക്കിലിന് ഈ മാസം 13 നും സുദീപിന് ഈ മാസം 16നും തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ നീക്കം ചെറുത്തത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ്. പ്രതികൾ പിടിക്കപ്പെട്ടതോടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസും പറഞ്ഞു.
എന്നാൽ ഗ്രൂപ്പ് തർക്കത്തിനൊടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ വാട്സാപ്പ് സ്ക്രീൻഷോട്ട് പുറത്തു വന്നതോടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആഹ്വനം നൽകിയത് ശബരി നാഥനാണെന്ന് വ്യക്തമായി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ ശബരി നാഥനെ അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് പാർട്ടിയുടെ അറിവോടെയെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രതികൾക്ക് വിമാന ടിക്കറ്റടക്കം എടുത്തു നൽകിയത് കോൺഗ്രസായിരുന്നു.