മുൻ ധനമന്ത്രി തോമസ് ഐസക്കിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോമസ് ഐസകിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചത്. കിഫ്ബി മസാലബോണ്ട് എടുത്ത കേസ് അന്വേഷിക്കാൻ ഇഡിക്ക് സാധിക്കില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ‘കള്ളപ്പണം വെളുപ്പിക്കൽ നടന്നു എന്നതല്ല ആക്ഷേപം, വിദേശത്ത് പോയി കൂടുതൽ പലിശയ്ക്ക് കടമെടുത്തു എന്നാണ്. അത് ഇഡിയുടെ പരിധിയിൽ എങ്ങനെ വരുമെന്ന് അറിയില്ല. ഇഡിയുടെ അധികാര പരിധിയിൽ ഇത് വരില്ല എന്നാണ് എന്റെ വിശ്വാസം’, എന്നും സതീശൻ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇ ഡി അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് വി ഡി സതീശന്റെ പ്രതികരണം. അതേസമയം കിഫ്ബിയുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസകിനെതിരെ സമൻസ് അയച്ച ഇ.ഡിക്കെതിരെ ഹൈക്കോടതിയും പ്രതികരിച്ചു. തോമസ് ഐസക് പ്രതിയല്ല, വ്യക്തിയുടെ സ്വകാര്യത മാനിക്കാത്തതെന്ത് എന്നും ഹൈക്കോടതി ചോദിച്ചു.