എൻഡിഎ കേരള ഘടകത്തിൽ തർക്കം രൂക്ഷമാകുന്നു. മുന്നണിയിലെ പ്രധാന ഘടക കക്ഷികളായ ബിജെപിയും ബിജെഡിസുമാണ് തമ്മിൽ ഏറ്റുമുട്ടുന്നത്. എൻഡിഎ സംസ്ഥാന കൺവീനറും ബിജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എൻഡിഎക്ക് മികച്ച പ്രവർത്തനം നടത്താൻ കഴിയുന്ന സീറ്റുകളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ മുന്നണിക്ക് ഗുണകരമാകുന്ന വിധത്തിൽ ബിജെപിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷുമായുള്ള കൂടിക്കാഴ്ചയിലാണ് തുഷാർ വെള്ളാപ്പള്ളി തുറന്നടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഫണ്ട്, ചെലവഴിച്ചതിന്റെ കണക്കവതരണത്തിൽ സുരേന്ദ്രൻ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ബിജെപിയിൽ വാദം ഉയരുന്നതിനിടയിലാണ് തുഷാറിന്റെ പ്രസ്താവന. കണക്കവതരണത്തിലെ കീഴ്വഴക്കങ്ങൾ സുരേന്ദ്രൻ ഇടപെട്ട് മാറ്റം വരുത്തിയിരുന്നു. കൊടകര കുഴൽപ്പണ കേസിലെ സുരേന്ദ്രന്റെ ബന്ധം പുറത്തു വരാതിരിക്കാനാണ് ഈ മാറ്റം വരുത്തിയതെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്.