ദേശീയ പാതാ വികസനത്തിനോടൊപ്പം തീരദേശ ഹൈവേ പദ്ധതി പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ധ്രുതഗതിയില്‍ മുന്നോട്ട്. തീരദേശ ഹൈവേ കടന്നുപോകുന്ന ഒമ്പത് തീര ജില്ലയിലും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോടും, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സ്ഥലം ഏറ്റെടുക്കേണ്ട 24 റീച്ചില്‍ മൂന്നിടത്ത് കല്ലിടല്‍ പൂര്‍ത്തിയായി. 19 ഇടത്ത് പുരോഗമിക്കുന്നു. രണ്ടിടത്ത് കരാറുമായി. 540.61 ഹെക്ടര്‍ ഭൂമിയാണ് പദ്ധിക്കായി ഏറ്റെടുക്കുന്നത്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഓരോ മേഖലയും ടെന്‍ഡര്‍ ചെയ്ത് നിര്‍മാണത്തിലേക്ക് കടക്കാനാണ് തീരുമാനം.
49 റീച്ചില്‍ 623.15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തീരദേശ ഹൈവേ പൂര്‍ത്തിയാകുക. ഒരുവശത്ത് രണ്ടര മീറ്ററില്‍ സൈക്കിള്‍ ട്രാക്കും ഏഴു മീറ്ററില്‍ വാഹന പാത, നടപ്പാത, ബസ് വേകള്‍ ഉള്‍പ്പെടെ 14 മുതല്‍ 15.6 മീറ്റര്‍വരെ വീതിയില്‍ സംയോജിത തീര വിശാല പാതയാണ് യാഥാര്‍ഥ്യമാകുന്നത്. കിഫ്ബി സഹായത്തോടെ 6500 കോടി രൂപ അടങ്കലിലാണ് പാത നിര്‍മ്മിക്കുക. ഒമ്പത് ജില്ലകളിലെ 200 ഗ്രാമപഞ്ചായത്ത്, 11 നഗരസഭ, നാല് കോര്പറേഷന് എന്നിവയിലൂടെ പാത കടന്നുപോകും.