തൃശൂർ മാളയ്ക്കടുത് അന്നമനടയിൽ ഇന്ന് പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം. വെളുപ്പിന് 5.20 ഓടെയാണ് ചുഴലിക്കാറ്റ് വീശിയത്. നേരത്തെ തൃശ്ശൂരിലെ കുന്നംകുളത്തും ചാലക്കുടിയിലും സമാനമായ രീതിയിൽ മിന്നൽ ചുഴലിക്കാറ്റുണ്ടായിരുന്നു. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു, വീടുകളിലെ ഓടുകൾ കാറ്റത്ത് പറന്നു പോയി, വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് വൈദ്യതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആറു വീടുകൾക്ക് കാറ്റിൽ നാശം സംഭവിച്ചുവെന്നാണ് പ്രാഥമിക കണക്ക്.
അന്നമനട പഞ്ചായത്തിലെ പാലശ്ശേരി,എരയാംകുടി പ്രദേശത്താണ് കാറ്റടിച്ചത്. ജാതി,പ്ലാവ്,തേക്ക് അടക്കം ഇരുന്നൂറോളം മരങ്ങളും നൂറോളം വാഴകളും നിലംപൊത്തി. രണ്ടുമാസം മുൻപും അന്നമട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിൽ ചുഴലിക്കാറ്റ് വീശി നാശമുഷ്ട്ടമുണ്ടായിരുന്നു. അഞ്ച് മിനിറ്റ് മാത്രമേ ചുഴലിക്കാറ്റ് നീണ്ടുനിന്നുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാറ്റ് വീശിയത് പുലര്‍ച്ചെ സമയമായതിനാൽ പലരും ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ആളുകൾ എഴുന്നേറ്റ് വന്നു നോക്കുമ്പോഴേക്കും സര്‍വ്വനാശം വിതച്ച് കാറ്റ് കടന്നു പോയിരുന്നു. രണ്ടാം തവണയും ചുഴലിക്കാറ്റ് ആഞ്ഞടിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.