പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ എം വി ജയരാജൻ. മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എ കെ എം അഷറഫ് ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തതിനെയാണ് എം വി ജയരാജൻ വിമർശിച്ചത്. ആർഎസ്എസിന്റെയും ബിജെപിയുടെയും വേദികളിലെ സ്ഥിരം മുഖമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സതീശൻ ഒറ്റക്കല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് എ കെ എം അഷ്റഫ് കഴിഞ്ഞ ദിവസം ആർഎസ്എസ് വേദിയിൽ മുഖ്യാതിഥിയായി പോയതെന്നും എം വി ജയരാജൻ പറഞ്ഞു.
”ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കുകയും ന്യൂനപക്ഷ വേട്ട കർമ്മ പദ്ധതിയാക്കി മാറ്റുകയും ചെയ്യുന്ന ആർഎസ്എസ് ബിജെപി വേദികളിൽ പതിവായി പ്രത്യക്ഷപ്പെടുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പ്രതിപക്ഷ നേതാവ്. മറവി രോഗം മൂലം അദ്ദേഹത്തിന് പ്രതിപക്ഷ നേതാവാകുന്നതിന് മുമ്പ് നടന്ന പഴയ കാര്യങ്ങൾ പലതും ഓർക്കാൻ കഴിയുന്നില്ല. അദ്ദേഹം ഒറ്റക്കല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മഞ്ചേശ്വരം എംഎൽഎയും ലീഗ് നേതാവുമായ കെ എൻ അഷ്റഫ് കഴിഞ്ഞ ദിവസം ആർഎസ്എസ് വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
വി ഡി സതീശൻ ഗോൾവാൽക്കറുടെ ചിത്രത്തിന് മുമ്പിലാണ് നിലവിളക്ക് കൊളുത്തിയതെങ്കിൽ ലീഗ് എംഎൽഎ ഹെഡ്ഗേവാറിന്റെ ചിത്രത്തിന് മുമ്പിൽ നിന്നാണ് ഉജ്ജ്വലമായ ‘മതേതര പ്രസംഗം’ നടത്തിയതെന്നും” എം വി ജയരാജൻ പരിഹസിച്ചു.
”1930കളിൽ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസുകാർ പങ്കെടുക്കാൻ പാടില്ലെന്ന് അണികൾക്ക് നിർദ്ദേശം നൽകിയത് ഹെഡ്ഗേവാറായിരുന്നു. നിരവധി ആർഎസ്എസ് ബിജെപി നേതാക്കൾ മുസ്ലിം ക്രിസ്ത്യൻ വേട്ടകൾക്ക് പ്രചോദനം നൽകുന്ന പ്രതികരണങ്ങൾ നടത്തിയത് സമീപകാലത്ത് മതേതര വിശ്വാസികളുടെ മനസ്സിൽ നൊമ്പരം ഉണ്ടാക്കിയിരുന്നു. പക്ഷെ അതൊന്നും സംഘപരിവാർ ബന്ധത്തിൽ നിന്ന് ഒഴിവായി നിൽക്കാൻ ഈ രണ്ടു നേതാക്കളെയും തെല്ലും പ്രേരിപ്പിക്കുന്നില്ല. ലീഗ് എംഎൽഎ ആർഎസ്എസ് വേദിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത് സ്വന്തം അണികളാണ്. ബിജെപി ആർഎസ്എസ് വർഗ്ഗീയ നിലപാട് തുടർച്ചയായി സ്വീകരിച്ചിട്ടും അതിനെ എതിർക്കാത്തവർ രാജ്യസ്നേഹികളാണെന്ന് പറയാൻ കഴിയുമോ?” എന്ന് എം വി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.