ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം ഒഴുക്കിവിടാൻ തീരുമാനമായി. ഇടുക്കി ഓർഡിഒ നേരിട്ടെത്തിയാണ് നിർദേശം കൈമാറിയത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നേരത്തെ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നിരുന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടും ജലനിരപ്പ് കുറയാത്തതോടെയാണ് സെക്കന്റിൽ 10,000 ഘനയടി വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്.
അണക്കെട്ട് തുറന്ന സാഹചര്യത്തിൽ വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെ പെരിയാർ തീരത്ത് താമസിക്കുന്നവരോട് മാറാൻ കർശന നിർദേശം നൽകി. ജനങ്ങൾക്ക് ക്യാമ്പിലേക്ക് മാറാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മഞ്ചുമലയിൽ വില്ലേജ് ഓഫീസ് ആസ്ഥാനമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.