68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ (National Film Awards) പ്രഖ്യാപിച്ചു. സുധ കൊങ്ങര ഒരുക്കിയ ‘സൂരരൈ പോട്രു’ എന്ന ചിത്രമാണ് മികച്ച സിനിമ. സൂര്യ, അജയ് ദേവ്ഗൺ എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം അപർണ ബാലമുരളിയ്ക്ക് ലഭിച്ചു. തമിഴ് സിനിമ സൂരരൈ പോട്രുവിലെ അഭിനയത്തിനാണ് അവാർഡ്. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന് അവാർഡ് ലഭിച്ചത്. സിനിമയുടെ സംവിധായകനായ സച്ചിയാണ് മികച്ച സംവിധായകൻ. സൂര്യയ്ക്ക് സൂരരൈ പോട്രു പുരസ്കാരം സമ്മാനിച്ചപ്പോൾ തൻഹാജി എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗൺ പുരസ്കാരം നേടിയത്. മികച്ച മലയാള സിനിമ തിങ്കളാഴ്ച നിശ്ചയം. മികച്ച സംഘട്ടനമുള്ള മലയാള സിനിമ സച്ചിദാനന്ദൻ സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ്. മികച്ച പിന്നണി ഗായികയായി അയ്യപ്പനും കോശിയുടെ നഞ്ചിയമ്മ തെരഞ്ഞെടുക്കപ്പെട്ടു. ദില്ലിയിലെ നാഷണൽ മീഡിയ സെൻററിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
പോയ വർഷം 11 പുരസ്കാരങ്ങളായിരുന്നു മലയാളത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം നേടി. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷൽ എഫക്റ്റ്സിനുമുള്ള പുരസ്കാരങ്ങൾ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിനായിരുന്നു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ജെല്ലിക്കെട്ട് സിനിമയിലൂടെ ഗിരീഷ് ഗംഗാധരന് ലഭിച്ചു . മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം കോളാമ്പി എന്ന ചിത്രത്തിലൂടെ പ്രഭാ വർമ കരസ്ഥമാക്കി. ബിരിയാണി എന്ന സിനിമയിലൂടെ സംവിധാനത്തിന് സജിൻ ബാബു പ്രത്യേക പരാമർശത്തിനും അർഹനായിരുന്നു.