നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിത്വം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് മൊത്തമെന്ന് പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ ഏക സീറ്റ് കൂടി നഷ്ടപ്പെടുത്തിയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് റിപ്പോർട്ടിലുള്ളത്.
ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവെയ്ക്കണമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ഉൾപ്പെടെയുള്ളവർക്ക് ഉത്തരവാദിത്വമുണ്ടെന്നുമാണ് റിപ്പോർട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
പാർട്ടിയിൽ അഴിമതി വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി പാർട്ടിയുടെ പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ചും പരിഹാരം നിർദേശിച്ചും റിപ്പോർട്ട് നൽകാൻ സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, സുരേഷ് ഗോപി തുടങ്ങിയവരെ നിയോഗിച്ചെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കേരളത്തിലെ ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന ജേക്കബ് തോമസിന്റെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു.
സംഘടനാ തലത്തിൽ സമൂലമായ മാറ്റമുണ്ടാവണം. താഴെ തട്ട് മുതലുള്ള സംഘടനാ പ്രശ്നങ്ങൾ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതൽ മാറ്റമുണ്ടാവണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൊടകര കുഴൽപണ കേസ്, മറ്റ് സാമ്പത്തിക ആരോപണങ്ങൾ എന്നിവയെല്ലാം ഉയർന്ന സാഹചര്യത്തിൽ രണ്ടാമതൊരു റിപ്പോർട്ട് കൂടെ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച് ബി.ജെ.പി. ദേശീയ നേതൃത്വത്തിന് കേരളത്തിൽനിന്ന് നൂറോളം റിപ്പോർട്ടുകൾ ലഭിച്ചെന്നും വാർത്തകൾ വന്നിരുന്നു.
അറിയപ്പെടുന്ന നേതാക്കൾ മുതൽ ആദ്യകാല ആർ.എസ്.എസ്. പ്രചാരകന്മാരും പ്രവർത്തകരും വരെ വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സംഘടനാപ്രശ്നങ്ങൾ, കൊടകര പണമിടപാട്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെതായി പുറത്തുവന്ന ഫോൺ സംഭാഷണം എന്നിവയെല്ലാം റിപ്പോർട്ടുകളിൽ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്നാൽ തിരഞ്ഞെടുപ്പു തോൽവിയെപ്പറ്റി പഠിക്കാനും റിപ്പോർട്ട് നൽകാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ദേശീയ സെക്രട്ടറി അരുൺ സിംഗ് വാർത്തകളോട് നേരത്തെ പ്രതികരിച്ചത്.