ബിജെപി കേരളത്തിലെത്തിച്ച കുഴൽപണം. കുഴൽ പണം മോഷ്ടിക്കാൻ ബിജെപിക്കാർ തന്നെ നടത്തിയ ശ്രമം. ആദ്യംമുതൽ പുറത്തുവന്ന സൂചനകൾ ശരിയാകുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പങ്ക് അന്വേഷണത്തിൽ നിർണായകമായിരിക്കുന്നു. കുഴൽപണക്കേസിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു.
ബിജെപി പണമിടപാടുകളുടെ മുഖ്യ ചുമതലക്കാർ സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രനും സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനുമാണെന്ന് തെളിഞ്ഞു. എം ഗണേഷിനെയും സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിന്റെ തുടർച്ച കെ സുരേന്ദ്രനിലേക്ക് അന്വേഷണസംഘത്തെ എത്തിക്കുകയാണ്.
കേസിൽ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സതീശനെയും ചോദ്യം ചെയ്യും. പണം കടത്തിയ ആർഎസ്‌എസ് പ്രവർത്തകൻ ധർമരാജിന്റെ മൊഴിപ്രകാരമാണ് സതീശനെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. തൃശൂരിൽ താമസ സൗകര്യമൊരുക്കിയത് സതീശനുൾപ്പെട്ട ജില്ലാ നേതാക്കളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. തെക്കൻ ജില്ലയിൽ ബിജെപി, എ ക്ലാസിൽ പെടുത്തിയിരുന്ന മണ്ഡലത്തിലേക്കുള്ള പണമാണ് കവർന്നത്. ഒരു എ ക്ലാസ് മണ്ഡലത്തിൽ അഞ്ചുകോടി ഒഴുക്കാനായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്ന പദ്ധതി. ഇതിനായുള്ള തുകയിൽ നിന്ന് ഒന്നരക്കോടി ഉന്നതനേതാവിന്റെ നിർദേശപ്രകാരം മാറ്റിയെന്ന പുതിയ വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.