കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടു നേടി വിജയിച്ചു വന്ന നിയമസഭാംങ്ങളുടെ മതം തിരിച്ചുള്ള കണക്കിനെക്കുറിച്ച് സാമാന്യ ബോധമുള്ളവർ ആശങ്കപ്പെടാറുണ്ടോ. ജാതിയിലും മതത്തിലും വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷം മലയാളികളുമെങ്കിലും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അങ്ങനെ ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കിൽ ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലത്തിൽനിന്ന് ഹിന്ദു മതസ്ഥനും ക്രിസ്‌തുമതക്കാർ കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് ക്രൈസ്‌തവനും മുസ്‌ലിങ്ങൾ ബഹുഭൂരിപക്ഷമായ ഇടങ്ങളിൽനിന്ന് ഇസ്‌ലാം മതവിശ്വാസികളും മാത്രമല്ലേ ജയിക്കൂ.
പക്ഷേ മനുഷ്യനിലെയും മനുഷ്യത്വവും മാനവികതയും തെരയാതെ മതവും ജാതിയും ഒരു കൂട്ടരെ സംബന്ധിച്ചിടത്തോളം ജയിച്ചവരുടെ മതം തിരയലാണ് പ്രധാനം. സംഘപരിവാറുകാരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത് കേരളത്തിലെ ജനറൽ സീറ്റുകളിൽനിന്ന് ജയിച്ചവരിൽ കൂടുതലും ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നുള്ളവരാണെന്ന വിലാപകാവ്യമാണ്. 125 ജനറൽ സീറ്റുകളിൽ ജയിച്ച ഹിന്ദു–-ഇസ്‌ലാം–-ക്രിസ്‌ത്യൻ നാമധാരികളുടെ കണക്കെടുത്ത് വിലപിക്കുന്ന ഹിന്ദുക്കളുടെ രക്ഷകരായ ബിജെപിക്കാർ തങ്ങളുടെ പെട്ടിയിലെ 4,29,3834 വോട്ടു എങ്ങോട്ട് പോയി എന്ന ചോദ്യം സ്വയം ചോദിക്കണം. 2016ൽ ഉരുളികമിഴ്‌ത്തിക്കിട്ടിയ നേമം സീറ്റ് എങ്ങനെ നഷ്‌ടപ്പെട്ടു എന്ന ചോദ്യം സ്വയം ചോദിക്കണം. 30 ലക്ഷം മെമ്പർഷിപ്പ് ഉണ്ടായിട്ടും 25.92 ലക്ഷം വോട്ടു മാത്രം കിട്ടിയതെങ്ങനെ എന്നും സ്വയം ചോദിക്കണം. ഒന്നുകിൽ നേതാക്കൾ പണം വാങ്ങി കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ടു മറിച്ചു. അല്ലെങ്കിൽ നിങ്ങളുടെ വിഷലിപ്‌തമായ വർഗീയ ധ്രുവീകരണ പ്രചാരണങ്ങൾ ജനങ്ങൾ തള്ളി. ഇതു രണ്ടും എതായാലും കേരളത്തിലെ സാധാരണ മനുഷ്യരെ അലട്ടുന്ന പ്രശ്‌നമല്ല.
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു തന്നെയാണ് സംഘപരിവാറുകാരോടും ഞങ്ങൾക്ക് പറയാനുള്ളത്. ഞങ്ങൾ ഇടപെടുന്നത് ഈ നാടിന്റെ, നാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിലാണെന്ന പിണറായിയുടെ വാക്കുകൾ ഇപ്പോഴും മലയാളികളുടെ കാതിൽ മുഴങ്ങുന്നുണ്ട്. ആ ജനങ്ങളിൽ നാനാജാതി മത വിഭാങ്ങളിൽ പെട്ടവരുണ്ടാകും. ജാതിയിലും മതങ്ങളിലും വിശ്വസിക്കാത്തവരുമുണ്ടാകും. കേരളം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച ഒരു കാലത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിന് ശേഷം ജയിച്ചവരുടെ മതം തിരയുന്ന വിചിത്രമായ അങ്ങേയറ്റം അഴുകിയ മനോനില ഒരുപക്ഷേ സംഘപരിവാറുകാർക്കു മാത്രമേ കാണൂ.
2018ലും 2019ലും വൻ പ്രളയത്തെ നേരിട്ട നാടാണിത്. പ്രളയജലത്തിൽ കൈപിടിച്ചുയത്താൻ വന്നവരോട് ആരെങ്കിലും ഇതുവരെ മതമോ ജാതിയോ ചോദിച്ചതായി ചരിത്രം രേഖപ്പടുത്തിയിട്ടില്ല. അശരണായ സ്‌ത്രീകൾ വള്ളത്തിൽ കയറി രക്ഷപ്പെടുമ്പോൾ അവർക്ക് ചവിട്ടാൻ മുതുകു കാണിച്ചു കൊടുത്ത താനൂരിലെ ജയ്‌സലിന്റെ മതം ഇതുവര ആരും അന്വേഷിച്ചിട്ടില്ല. ക്യാമ്പുകളിലേക്ക് തുണി ശേഖരിക്കാൻ ചെന്ന വളണ്ടിയർമാർക്ക് തന്റെ കടയിലെ സാധനങ്ങൾ മുഴുവൻ സമ്മാനിച്ച നൗഷാദിന്റെ മതം ഇതുവരെ ആരും അന്വേഷിച്ചതായി അറിവില്ല. മാൻഹോൾ വൃത്തിയാക്കാനിറങ്ങി പ്രാണവായുവിനുവേണ്ടി കരഞ്ഞ തമിഴ്‌നാട്ടുകാരനായ സഹോദരനെ രക്ഷിക്കാൻ ശ്രമിച്ച് രക്‌തസാക്ഷിയായ നൗഷാദിന്റെയും ഏറ്റവുമൊടുവിൽ തന്റെ അക്കൗണ്ടിലെ പണത്തിന്റ സിംഹഭാഗവും വാക്‌സിൻ ചലഞ്ചിന് നൽകിയ ബീഡിത്തൊഴിലാളി ജനാർദനന്റെയും മാനവികതയെ മനുഷ്യത്വമുള്ളവരാരും ഇതുവരെ മതത്തിന്റെ കണ്ണിലൂടെ കണ്ടിട്ടില്ല. പ്രളയത്തിലും കോവിഡിലും ഈ നാട്ടിലെ ജനങ്ങളെ കൈയയച്ചു സഹായിച്ച ലക്ഷക്കണക്കിന് സുമനസ്സുകൾ അവരുടെ സ്വന്തം മതക്കാർക്കു മാത്രമാണോ സഹായം നൽകിയത്?
വിജയിച്ച സ്‌ഥാനാർഥികളുടെ മതവും ജാതിയും ഗവേഷണം നടത്തി കണ്ടുപിടിക്കുന്ന ബിജെപി മറ്റു രാഷ്‌ട്രീയ പാർടികളിൽനിന്ന് എന്തുകൊണ്ടു വ്യത്യസ്‌തവും അപകടകരവും ആവുന്നതെന്ന് ഇപ്പോൾ മനസ്സിലായല്ലോ. പരിഷ്‌കൃത മനസ്സുള്ളവർ ആരെങ്കിലും ഈ 21ാം നൂറ്റാണ്ടിന്റെ മൂന്നാംദശകത്തിൽ ഇങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ അവർ സ്വയം മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കുക വയ്യ. അപരമതവിദ്വേഷം മാത്രം കൈമുതലായുള്ള അവരെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ജനാധിപത്യപ്രക്രിയയിൽ നിന്ന് അകറ്റിനിർത്തുക മാത്രമേ പോംവഴിയുള്ളൂ. കേരളത്തിലെ ജനങ്ങൾ പൊതുവിലും നേമത്തെ ജനങ്ങൾ പൊതുവിലും ചെയ്‌തത് അതുതന്നെയാണ്. അതിനിയും തുടരുകയും ചെയ്യും. അതുകൊണ്ടു തന്നെയാണ് ക്ഷേത്രനഗരിയായ ഗുരുവായൂരിൽനിന്ന് അക്‌ബറും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയിൽനിന്ന് പി നന്ദകുമാറും വണ്ടൂരിൽനിന്ന് എ പി അനിൽകുമാറും കൃസ്‌ത്യൻ ആധിപത്യമുള്ള കാഞ്ഞിരപ്പള്ളിയിൽനിന്ന് പ്രൊഫ. ജയരാജും ജയിച്ചുവന്നത്. ഇത്തരം ഉദാഹരണങ്ങൾ വേറെയുമുണ്ട്.
ബിജെപിക്കാരുടെ ഇത്തരം പ്രാകൃതചിന്തകൾ ഒറ്റപ്പെട്ടതാണെന്ന് കരുതരുത്. അത് അവരുടെ പ്രത്യയശാസ്‌ത്രമാണ്. സമൂഹത്തിൽ വർഗീയമായ ധ്രുവീകരണസൃഷ്‌ടിക്കുക എന്നത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്. വിജയിച്ച സ്‌ഥാനാർഥികളുടെ മതം തിരഞ്ഞുള്ള അന്വേഷണം പൂർത്തിയായെങ്കിൽ ഇനി സംഘപരിവാറുകാർക്ക് ചെയ്യാൻ പറ്റിയ ഒരു പണിയുണ്ട്. കോവിഡ് ബാധിച്ച് മരിച്ച് അയ്യായിരത്തിലേറെപ്പേരുണ്ട്. അവരുടെ ജാതിയും മതവും കണ്ടെത്തി ഒരു പട്ടിക പുറത്തിറക്കുക. നല്ല രസമായിരിക്കും.