ബിഡിജെഎസിനെ ബിജെപി വഞ്ചിച്ചു. പറയുന്നത് മറ്റാരുമല്ല. ബിഡിജെഎസ് തന്നെയാണ്. പിന്നോക്കക്കാരായ കുറേ സാധാരണക്കാരായ മനുഷ്യരെ പല പൊള്ളയായ വാഗ്ദാനങ്ങളും നൽകി വർഗീയത കുത്തിവെച്ച് സംഘപരിവാറിന്റെ ഭാഗമാക്കാൻ വേണ്ടിയുള്ള വെറും പാലം മാത്രമായിരുന്നു ബിഡിജെഎസെന്ന് അവർക്ക് തന്നെ ബോധ്യമാവുകയാണ്. അതേ തുടർന്ന് മുന്നണി വിടാനുള്ള ആലോചന ബി.ഡി.ജെ.എസിൽ ശക്തമായി. തെരഞ്ഞെടുപ്പ് പ്രകടനത്തെച്ചൊല്ലി ബി.ജെ.പി യിൽ നിന്നുള്ള കുത്തുവാക്കുകൾ തുടരുന്ന സാഹചര്യത്തിൽ ഇനിയും നാണംകെട്ട് തുടരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ് അണികൾ. ബി.ജെ.പി വ്യാപകമായി വോട്ട് മറിച്ച ശേഷം അതിന്റെ പഴി ബി.ഡി.ജെ.എസിൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് അവർ ആരോപിക്കുന്നു. എൻ.ഡി.എ സംസ്ഥാന കൺവീനർ സ്ഥാനമൊഴിയാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറാവുന്നു എന്നും സൂചനയുണ്ട്.
കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന ബി.ജെ.പി കോർകമ്മിറ്റി യോഗം ബി.ഡി.ജെ.എസിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. 21 സീറ്റുകളിൽ മത്സരിച്ച ബി.ഡി.ജെ.എസ് വലിയ പരാജയമാണ് എല്ലായിടത്തും ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർഥികൾക്ക് ബി.ഡി.ജെ.എസ് വോട്ട് ലഭിച്ചില്ലെന്നും അതെല്ലാം എൽ.ഡി.എഫിന് പോയെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ, മുന്നണിയെന്ന നിലയിലുള്ള പിന്തുണ ലഭിച്ചില്ലെന്നും തങ്ങളുടെ സ്ഥാനാർഥികൾക്ക് ബി.ജെ.പി വോട്ട് ലഭിച്ചില്ലെന്നും അവർ തിരിച്ചടിക്കുന്നു.. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കാലുവാരൽ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചുവെന്നും ഈ രീതിയിൽ ഇനിയും മുന്നോട്ട് പോകാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് ഒരു വാർഡിൽ പോലും ജയിക്കാനായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളിലേക്കാണ് ബിഡിജെഎസ് എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ചിരുന്നത്.
ഇതിൽ ദയനീയമായ വോട്ട് ചോർച്ചയുണ്ടായത് മന്ത്രി എം.എം.മണി ജയിച്ച ഉടുമ്പൻചോലയിലാണ്. 2016-ൽ 21799 വോട്ടുകൾ ഇവിടെ നിന്ന് ബിഡിജെഎസിന് ലഭിച്ചിരുന്നു. ഇത്തവണ കിട്ടിയത് വെറും 7208 വോട്ട്. ഇടുക്കിയിൽ 2016-ൽ ബിഡിജെഎസിന് 27403 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ ഇടുക്കിയിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥിക്ക് കിട്ടിയത് 9286 വോട്ടുകൾ.
പി.സി.ജോർജിനെ അട്ടിമറിച്ച് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ജയിച്ച പൂഞ്ഞാറിലും ബിഡിജെഎസ് വോട്ടുകൾ വലിയ രീതിയിൽ അപ്രത്യക്ഷമായി. കഴിഞ്ഞ തവണ പൂഞ്ഞാറിൽ ബിഡിജെഎസിന് 19966 വോട്ടുകൾ ലഭിച്ചപ്പോൾ ഇക്കുറി കിട്ടിയതാകട്ടെ 2965 വോട്ടുകൾ മാത്രം.
പാർട്ടിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴ ജില്ലയിലും മത്സരിച്ചിടത്തെല്ലാം 5000 കൂടുതൽ വോട്ടുകളുടെ കുറവുണ്ടായി. മന്ത്രി കെ.ടി.ജലീൽ ജയിച്ച തവനൂരിൽ 2016-ൽബിജെപിക്ക് 15801 വോട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തവണ ബിഡിജെഎസ് സ്ഥാനാർഥിക്ക് കിട്ടിയത് 9914 വോട്ടുകൾ. റാന്നിയിൽ കഴിഞ്ഞ തവണയും ഇത്തവണയും ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ച കെ.പത്മകുമാറിന് 2016-ൽ ലഭിച്ചതിനേക്കാൾ പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടായി. അരൂരിലും സമാനമായ സ്ഥിതിയാണുണ്ടായത്. 2016-ലും 2021ലും സ്ഥാനാർഥിയായ ടി.അനിയപ്പന് പതിനായത്തോളം വോട്ടിന്റെ കുറവാണുണ്ടായത്.
മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ട കുണ്ടറയിൽ ബിജെപിക്ക് 2016-ൽ 20257 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ച വനജ വിദ്യാധരന് ലഭിച്ചതാകട്ടെ 6097 വോട്ടുകളും. ഇവിടെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടത് 4523 വോട്ടുകൾക്കാണ്. കളമശ്ശേരിയിൽ 2016-ൽ ലഭിച്ചത് 24244 വോട്ടായിരുന്നെങ്കിൽ ഇക്കുറി കിട്ടിയത് 11179 വോട്ട്. ബിഡിജെഎസ് മത്സരിച്ച 21 സീറ്റിൽ 17 മണ്ഡലങ്ങളിൽ എൽഡിഎഫാണ് ജയിച്ചത്. നാലിടത്ത് യുഡിഎഫും ജയിച്ചു. ഇത്തരത്തിൽ വ്യാപകമായി എൻഡിഎ വോട്ടുകൾ കുറയുന്ന സാഹചര്യമാണുണ്ടായത്.
നേരത്തെ സൂചിപ്പിച്ച പോലെ ഈഴവരായ സാധാരണക്കാരായ ജനങ്ങൾക്ക് പല പ്രലോഭനങ്ങളും നൽകിയാണ് എൻഡിഎയിൽ എത്തിക്കുന്നത്,. കൃത്യമായി പറഞ്ഞാൽ ആളെക്കൂട്ടാൻ വേണ്ടി മാത്രമുള്ള പാലം.. കാര്യം കഴിഞ്ഞപ്പോളോ.. ബിജെപി മലക്കം മറിഞ്ഞു.. ഇവരെ എത്തിക്കാനായി ഈഴവ മുതലാളിമാർക്ക് കാശെറിയാനും ബിജെപി തയ്യാറാണ്.. എന്നാൽ എൻഡിഎയിൽ എത്തുന്നതിന്റെ ഒരു ഗുണവും സാധാരണക്കാരായ അണികൾക്ക് ലഭിക്കാറില്ല.. സവർണ വർഗീയതയുടെ പ്രചാരകരായ സംഘപരിവാറിനും ആർഎസ്എസ്സിനും ഒരുകാലത്തും പിന്നോക്കക്കാരായ ബിഡിജെഎസിനെ അംഗീകരിക്കാൻ കഴിയില്ല.. അതുകൊണ്ടാണ് ദളിത് മോർച്ച പോലുള്ള പോഷക സംഘടനകളോടുപോലും ആർഎസ്എസ് അയിത്തം പ്രഖ്യാപിക്കുന്നത്..