ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം. കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. കേരളം കേസ് പിൻവലിക്കണമെന്ന കേന്ദ്രനിലപാടിനെ കോടതി വിമർശിച്ചു. കേരളം ഉന്നയിക്കുന്ന അധിക ആവശ്യങ്ങൾ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്കോ നാളെയോ ചർച്ചകൾ നടത്തി തീരുമാനമെടുക്കണം. കേന്ദ്രത്തോട് കടമെടുക്കാനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത് എന്ന് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
ഹർജി പിൻവലിച്ചാൽ കേന്ദ്രം നൽകാമെന്ന് അറിയിച്ച 13,000 കോടി രൂപയ്ക്ക് നയപ്രകാരം അർഹതയുള്ളതാണെന്ന് കേരളം വാദിച്ചു. സംസ്ഥാനത്തിന്റെ അവകാശമാണ് ഇതെന്നും കപിൽ സിബൽ പറഞ്ഞു. സ്യൂട്ട് നിലനിൽക്കെ കടമെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. അത് പരിഗണിച്ച് കോടതി ഉചിതമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. അടുത്ത സാമ്പത്തിക വർഷം ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ നേതാക്കൾ ഈ വിഷയത്തിൽ പൊതു പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചു.