ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി ജയം. ആറ് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി വോട്ടുചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥി അട്ടിമറി ജയം സ്വന്തമാക്കിയത്. ഹിമാചൽ പ്രദേശിലെ സർക്കാരിനെതിരായി വൈകാതെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ പ്രതികരിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തോറ്റ സാഹചര്യത്തിൽ മുഖ്യമന്ത്രി സുഖ്വീന്ദർ സുഖു രാജിവെയ്ക്കണമെന്നും ഠാക്കൂർ പറഞ്ഞു.
ഹിമാചലിലെ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസിന്റെ മനു അഭിഷേക് സിങ്വിയും ബിജെപിയുടെ ഹർഷ് മഹാജനുമാണ് മൽസരിച്ചത്. 68 അംഗ നിയമസഭയിൽ കോൺഗ്രസ് 40, ബിജെപി 25, സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രർ എന്നിങ്ങനെയാണ് കക്ഷിനില. ആറ് കോൺഗ്രസ് എംഎൽഎമാരും സുഖു സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തതോടെ സിങ്വിയ്ക്കും മഹാജനും 34 വോട്ട് വീതമെന്ന നിലയിലായി. നറുക്കെടുപ്പിൽ മഹാജൻ ജയിച്ചു. ബിജെപി സ്ഥാനാർത്ഥിയായി ജയിച്ച മഹാജൻ കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റും മുൻമന്ത്രിയുമാണ്. കഴിഞ്ഞ സെപ്തംബറിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.