ഹൈദരാബാദ്: ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊക്കെയ്ൻ പാർട്ടി നടത്തിയ ബിജെപി നേതാവിൻ്റെ മകനടക്കം പത്തു പേർ അറസ്റ്റിൽ. ആന്ധ്രാ പ്രദേശ് മുൻ മുഖ്യന്ത്രിയുടെ കൊച്ചുമകനും പ്രമുഖ ബിജെപി നേതാവ് ജി യോഗാനന്ദിൻ്റെ മകനുമായ ഗജ്ജല വിവേകാനന്ദിനെ(37) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ഗച്ചിബൗളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന പാർട്ടിക്കിടെയാണ് സംഘം കൊക്കെയ്ൻ ഉപയോഗിച്ചത്.
കൺസ്ട്രക്ഷൻ കമ്പനിയായ മഞ്ജീര ഗ്രൂപ്പിൻ്റെ ഡയറക്ടറാണ് വിവേകാനന്ദ്. പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം നടത്തുമ്പോഴാണ് സംഘം പിടിയിലായത്. മാരക ലഹരിമരുന്നുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. താനാണ് പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് ഈ പാർട്ടി നടത്തിയതെന്ന് ചോദ്യംചെയ്യലിൽ വിവേകാനന്ദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.