ജയ്‌പൂർ: രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി പി ജോഷിയിൽ നിന്നും മഹേന്ദ്രജിത്ത് മാളവ്യ പാർട്ടി അംഗത്വം സ്വീകരിച്ചു. ബൻസ്വാര ജില്ലയിലെ ബാഗിഡോര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മഹേന്ദ്രജിത്ത് മാളവ്യ. നാല് തവണയായി എംഎൽഎയായ മഹേന്ദ്രജിത്ത് മുൻ സംസ്ഥാന മന്ത്രികൂടിയാണ്.
മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി കൂടിയായിരുന്നു മാളവ്യ. കുറച്ചുനാളായി കോൺഗ്രസിൽ നിന്നും അകന്നുനിൽക്കുകയായിരുന്നു മഹേന്ദ്രജിത്ത് മാളവ്യ. സോണിയാഗാന്ധി ജയ്പുരിൽ രാജ്യസഭാ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകാനെത്തിയപ്പോൾ മഹേന്ദ്രജിത്തിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. തെക്കൻ രാജസ്ഥാനിലെ ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ എന്ന നിലയിൽ മഹേന്ദ്രജിത്തിനെ സ്വന്തം പാളയത്തിൽ എത്തിക്കാനായത് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.