ന്യൂഡൽഹി: രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന മോദിസർക്കാരിന്റെ കാലത്തെ സമ്പദ്ഘടനയുടെ ഇരുണ്ട ചിത്രം നൽകുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കിത്തീർക്കുന്ന നയങ്ങളാണ് മോദിസർക്കാരിന്റേത്.
സർക്കാരിന്റെ വരുമാനം 2023– 24ൽ മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വർധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാൻ ചെലവുകൾ ബജറ്റ് വിഹിതത്തെക്കാൾ ചുരുക്കി. ചെലവുകളിലെ വളർച്ച ഏഴ് ശതമാനം മാത്രമാണ്, ജിഡിപി വളർച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്. സർക്കാർ സംവിധാനത്തിന്റെ ചെലവ് ബജറ്റ് വിഹിതത്തെക്കാൾ കൂടുകയും ചെയ്തു. ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിന്റെയും വിഹിതം വെട്ടിക്കുറച്ചാണ് മൊത്തം ചെലവ് കുറച്ചത്. ഇത് വളർച്ചയെയും സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും പ്രതികൂലമായി ബാധിക്കും.
കൃഷിയും അനുബന്ധമേഖലകളും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമപദ്ധതികൾ, പട്ടികജാതി–-പട്ടികവർഗ ക്ഷേമ പദ്ധതികൾ എന്നിവയിലെല്ലാം ചെലവ് ബജറ്റ് കണക്കിനെക്കാൾ കുറച്ചു. പിഎം ആവാസ് യോജന, പിഎം ഗ്രാമീൺ സഡക് യോജന എന്നിവയുടെ വിഹിതവും വെട്ടിക്കുറച്ചു. വളം, ഭക്ഷ്യസബ്സിഡി, തൊഴിലുറപ്പ്, നഗരവികസനം എന്നീ മേഖലകളിൽ 2022–-23നെക്കാൾ കുറവ് വിഹിതമാണ് നടപ്പ് വർഷം ചെലവിടുന്നത്.
മൂലധനനിക്ഷേപം നടത്താൻ വായ്പ നൽകുമെന്ന പ്രഖ്യാപനം സംസ്ഥാനങ്ങളെ കൂടുതൽ പിഴിയാനാണ്. ‘സാമൂഹികനീതി’ എന്ന പേരിൽ പ്രചാരണം നടത്തുന്ന മോദിസർക്കാരിന്റെ പൊള്ളത്തരം കൂടുതൽ വ്യക്തമാക്കുന്നതാണ് ബജറ്റ്. കോർപറേറ്റുകൾക്ക് കൊള്ളലാഭം ലഭ്യമാക്കാൻ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഞെരുക്കുന്ന വികസനമാതൃകയാണ് മോദിസർക്കാരിന്റേത് – പിബി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.