റാഞ്ചി: പ്രായാധിക്യമുള്ള ഭർതൃമാതാവിനെയും ഭർത്താവിൻ്റെ മുത്തശ്ശിയേയും പരിചരിക്കേണ്ടത് ഇന്ത്യൻ സംസ്കാരപ്രകാരം സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന വിചിത്ര ഉത്തരവുമായി ജാർഖണ്ഡ് ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ ഭർതൃവീട്ടിൽനിന്ന് മാറിത്താമസിക്കാൻ ഭർത്താവിനുമേൽ സമ്മർദം ചെലുത്താൻ പാടില്ലെന്നും ജസ്റ്റിസ് സുഭാഷ് ചന്ദ് വിധിച്ചു. ഭരണഘടനയുടെ 51എ അനുച്ഛേദവും ബൃഹത് സംഹിതയും മനുസ്മൃതിയും ഉദ്ധരിച്ചാണ് കോടതി വിധി പറഞ്ഞത്.
ഇന്ത്യൻ സംസ്കാരമനുസരിച്ച് വയോധികരായ ഭർതൃമാതാവിനെയും അവരുടെ മാതാവിനേയും പരിചരിക്കേണ്ടത് വിവാഹശേഷം ഭർതൃവീട്ടിൽ താമസിക്കുന്ന സ്ത്രീയാണ്. ‘സ്ത്രീകൾ അസന്തുഷ്ടരായി തുടരുന്ന കുടുംബം നശിപ്പിക്കപ്പെടും. സ്ത്രീകൾ എപ്പോഴും സന്തോഷത്തോടെ കഴിയുന്ന കുടുംബം അഭിവൃദ്ധി പ്രാപിക്കും’-മനുസ്മൃതി ഉദ്ധരിച്ച് കോടതി പറഞ്ഞു. സ്ത്രീയുടെ സംസാരം, നോട്ടം, സ്പർശം, ചിന്ത എന്നിവയെല്ലാം സന്തോഷം നൽകുന്നു. അത്തരമൊരു രത്നത്തിൽനിന്ന് പുത്രൻമാരും ആനന്ദവും ലഭിക്കുന്നു. സ്ത്രീയെ ബഹുമാനിക്കണമെന്നും ബൃഹത് സംഹിത ഉദ്ധരിച്ച് ജസ്റ്റിസ് സുഭാഷ് ചന്ദ് പറഞ്ഞു.