ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരിച്ചെത്തി. കോൺഗ്രസിൽ ചേർന്ന ഷെട്ടാർ ഒരു വർഷത്തിന് ശേഷമാണ് ബിജെപിയിൽ തിരിച്ചെത്തിയത്. ഡൽഹിയിൽ മുൻ കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടേയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബിവൈ വിജേന്ദ്രയുടേയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷെട്ടാർ ബിജെപി വിട്ടത്. തൊട്ടുപിന്നാലെയാണ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്. തുടർന്ന് കോൺഗ്രസ് ടിക്കറ്റിൽ ഡഹുബ്ബള്ളി – ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
വ്യാഴാഴ്‌ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഷെട്ടാർ വീണ്ടും ബിജെപി അംഗത്വം സ്വീകരിച്ചത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ബിജെപിയിൽ തിരിച്ചെത്തിയതെന്ന് ഷെട്ടാർ പറഞ്ഞു.