ന്യൂ ഡൽഹി: ഉത്തർപ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ സ്റ്റേ ചെയ്ത് സുപ്രിംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് ഭരണസമിതി നൽകിയ അപ്പീലിലാണ് നടപടി. പ്രത്യേക അനുമതി ഹർജിയിൽ സുപ്രിംകോടതി എതിർ കക്ഷികൾക്ക് നോട്ടീസയച്ചു.
മഥുര മസ്ജിദ് പ്രദേശം കൃഷ്ണ ജന്മഭൂമിയാണെന്നും ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തണം എന്നുമായിരുന്നു ക്ഷേത്രാനുകൂലികളുടെ വാദം. ഇതംഗീകരിച്ച് മസ്ജിദിൽ അഭിഭാഷക കമ്മിഷൻ്റെ പരിശോധനയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിനാണ് സ്റ്റേ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഏത് തരത്തിലുള്ള കമ്മിഷനാണ് വേണ്ടതെന്ന് ഹർജിക്കാർ വ്യക്തത വരുത്തിയില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.