ന്യൂഡൽഹി: മലയാള മനോരമ വ്യാജ വാർത്തക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വാർത്തയുടെ തലക്കെട്ട് തീർത്തും കെട്ടിച്ചമച്ചതാണ്. അത്തരത്തിൽ ഒരു കാര്യം തൻ്റെ പുസ്തകത്തിൽ എഴുതിയിട്ടില്ലെന്നും അവർ മാപ്പു പറയണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൃന്ദ.
പാർട്ടിയിൽ പ്രകാശ് കാരാട്ടിൻ്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിർത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും ബൃന്ദ കാരാട്ട് തൻ്റെ പുസ്തകത്തിൽ പരാമർശിച്ചെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. ആൻ എഡ്യൂക്കേഷൻ ഓഫ് റീത്ത എന്ന പുസ്തകത്തിലെ വാചകങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്. പാർട്ടിക്ക് അകത്തു അവഗണന നേരിട്ടുവെന്നു പറഞ്ഞിട്ടില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
1975 മുതൽ 1985വരെ ഡൽഹിയിലുള്ള കാലത്ത് ട്രേഡ് യൂണിയനുകളുടെയും വനിതാ സംഘടനകളുടെ രൂപീകരണവും സംഘാടക എന്ന നിലയിലെ അനുഭവങ്ങളുമാണ് പുസ്തകത്തിലുള്ളത്. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പോരാട്ടമാണ് പുസ്തകത്തിലുള്ളതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.