ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിൻ്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ തിരിച്ച് ജയിലിലടയ്ക്കണമെന്നും പ്രതികൾ തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയിൽ സമർപ്പിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി വി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ബിൽക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
2002ലെ ഗുജറാത്തു വംശഹത്യക്കിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. തടവ് പുള്ളികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തിൽ കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവം. ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി തുടങ്ങിയവർ സമർപ്പിച്ച വിവിധ ഹർജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. 11 ദിവസം വാദം കേട്ടതിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 12-നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാൻ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികളായ ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്.