ചെന്നൈ: പ്രശസ്ത നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജർ എന്നും ക്യാപ്റ്റൻ എന്നുമാണ് ആരാധകർക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതിൽ അധികവും.
1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് സിനിമാരംഗത്തെത്തിയത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. 2015-ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനമെത്തിയത്.
2005-ൽ ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടിക്കും വിജയകാന്ത് രൂപം നൽകി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളിൽ നിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവിൽ തമിഴ്നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.
1990 ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷൺമുഖ പാണ്ഡ്യൻ, വിജയ് പ്രഭാകർ അളകർസാമി എന്നിവർ മക്കളാണ്.