ന്യൂഡൽഹി: സഞ്ജയ് സിംഗിൻ്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ദേശീയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത് പ്രതിഷേധങ്ങളിൽ നിന്ന് തലയൂരാൻ കേന്ദ്ര നീക്കം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിൻ്റെ തലയൂരൽ നാടകം.
കഴിഞ്ഞ ദിവസമാണ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടന്നത്. മുൻ പ്രസിഡന്റും ബിജെപി എംപിയും ലൈംഗികാതിക്രമ കേസിൽ പ്രതിയുമായ ബ്രിജ്ഭൂഷണിൻ്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെയാണ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതിനു പിന്നാലെ ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ബജ്റങ് പുനിയ പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ നടപ്പാതയിൽ ഉപേക്ഷിച്ചു. വിരേന്ദർ സിങ് പത്മശ്രീ പുരസ്കാരം തിരിച്ചുനൽകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.