ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി എം എൽ എ രാം ദുലർ ഗോണ്ടിനെ 25 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാം ദുലർ ഗോണ്ട്. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ വിധിക്കപ്പെട്ട ശേഷം എംഎൽഎയെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി.
പ്രത്യേക കോടതി ശിക്ഷ വിധിക്കുന്നത് സംഭവം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാം ദുലർ ഗോണ്ട് വിജയിച്ചതോടെ കേസ് സോൻഭദ്രയിലുള്ള എംപി–എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി വിധിപ്രസ്താവം നടത്തിയത്.
പിഴയായി ഈടാക്കുന്ന 10 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ആറുവർഷം തെരഞ്ഞെടുപ്പുകളിലും രാം ദുലർ ഗോണ്ടിന് മത്സരിക്കാനാകില്ല.