ഭോപ്പാൽ: മധ്യപ്രദേശിൽ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനും തുറന്നയിടങ്ങളിൽ ഇറച്ചി വിൽപ്പന നടത്തുന്നതിനെയും വിലക്കേർപ്പെടുത്തി മുഖ്യമന്ത്രി മോഹൻ യാദവ്. ഡിസംബർ 13ന് പുതിയ മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കടുത്ത ആർഎസ്എസ് പശ്ചാത്തലമുള്ളയാളാണ് ഉജ്ജൈൻ സൗത്തിൽ നിന്ന് ജയിച്ച മോഹൻ യാദവ്.
തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചി, മുട്ട, മത്സ്യം എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തും. ഭക്ഷ്യവകുപ്പ്, പോലീസ്, തദ്ദേശ നഗര സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഡിസംബർ 15 മുതൽ 31 വരെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപി അതിർത്തിയിൽ കർസേവകർ ക്രൂരതയ്ക്ക് ഇരയായ ഒരു കാലമുണ്ടായിരുന്നുവെന്നും ഇനി രാമക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാ രാമഭക്തരെയും എല്ലാ ജില്ലയിലും സർക്കാർ സ്വാഗതം ചെയ്യുമെന്നും യാദവ് പറഞ്ഞു.