കണ്ണൂർ: ആർ എസ് എസ്സിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കീഴിൽ ഇന്ത്യയിൽ ആരും സുരക്ഷിതരല്ലെന്ന് സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ. സേവ് പബ്ലിക് സെക്ടർ ഫോറം ജില്ലാ കൺവൻഷനിൽ ‘വർത്തമാനകാല ഇന്ത്യ, ആവർത്തിക്കുന്ന നുണകൾ, പറയാത്ത സത്യങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ പൊതുമേഖലയെ പുനരുദ്ധരിക്കേണ്ടത് കോർപറേറ്റുകൾക്ക് വിറ്റുതുലച്ചല്ല. നഷ്ടത്തിലാകാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തിരിച്ചുകൊണ്ടു വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ ഡോ. പി കെ ബിജു ഉദ്ഘാടനംചെയ്തു. എം വി ജയരാജൻ അധ്യക്ഷനായി.
പൊതുമേഖല നഷ്ടത്തിലാണെങ്കിൽ സ്ഥാപനത്തിൻ്റെ പ്രവർത്തനരീതി, നിർമാണ സംവിധാനം, ഉൽപ്പന്ന ഗുണനിലവാരം, വിപണി സാധ്യത എന്നിവയിൽ ഗുണപരമായ മാറ്റംവരുത്തുകയാണ് വേണ്ടത്. യുവാക്കളുടെ തൊഴിലില്ലായ്മയിൽ ലോകത്ത് മുൻപന്തിയിലാണ് ഇന്ത്യ. 24 ശതമാനമാണ് തൊഴിലില്ലായ്മ. നാൽപ്പത് വർഷത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുളളത്.
അതിരൂക്ഷമായ വിലക്കയറ്റമാണ് സാധാരണക്കാർ നേരിടുന്നത്. സാധാരണക്കാരന്റെ പണം സമ്പാദന നിരക്ക് 19 ശതമാനം കുറഞ്ഞു. നിക്ഷേപം 31 ശതമാനത്തിൽനിന്ന് 19 ആയി കുറഞ്ഞു. കോർപറേറ്റുകൾക്കുള്ള നികുതിനിരക്ക് കുറയുകയും സാധാരണക്കാരൻ്റെ നികുതിഭാരം കൂടുകയുംചെയ്തു. സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി കുറച്ച കേന്ദ്രത്തിന്റെ കടം 150 ലക്ഷം കോടിയാണ്. കോർപറേറ്റുകളുടെ കടം 25 ലക്ഷം കോടിയും. സാധാരണക്കാരന് വിലയില്ലെങ്കിലും ബിജെപി സർക്കാരും കോർപറേറ്റുകളും തമ്മിലുള്ള സൗഹൃദത്തിന് വലിയ വിലയാണെന്ന് പരകാല പ്രഭാകർ പറഞ്ഞു.