നരേന്ദ്ര മോദിയും സംഘ പരിവാറും അടിമ മാധ്യമങ്ങളും വികസിത ഇന്ത്യയെക്കുറിച്ച് പെരുമ്പറ മുഴക്കുമ്പോൾ ലോകത്തേറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ നാണം കെടുന്നു. അഞ്ചു വയസിനു താഴെയുള്ള പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ കോടിക്കണക്കിന് മനുഷ്യർ വിശപ്പടക്കാൻ മാർഗമില്ലാതെ ദുരന്തമുഖത്ത് കഴിയുന്നു. മോദി രാജ് ഒമ്പതര വർഷം പിന്നിടുമ്പോൾ ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം കുതിച്ചുയർന്നിരിക്കുകയാണ്. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നാണ് മോദി സർക്കാരിൻ്റെ അവകാശവാദം. ഇതിൻ്റെ മുനയൊടിച്ച് പുറത്തു വരുന്ന ആഗോള സൂചികകൾ ലോകത്തിനു മുമ്പിൽ ഇന്ത്യയെന്ന മഹാരാജ്യത്തെ നാണം കെടുത്തുന്നു.
പട്ടിണിക്കാരുടെ ദീന രോദനം
ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ളവരിൽ ഏറ്റവും കൂടുതൽ പട്ടിണിക്കാർ ഇന്ത്യയിലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ്, കുട്ടികളിലെ പട്ടിണി എന്നിവ അപകടകരമായി വർധിക്കുന്നു. ഗുരുതരമായ പട്ടിണി നേരിടുന്ന രാജ്യമാണ് ഇന്ത്യയെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള പട്ടിണിസൂചിക വിലയിരുത്തുന്നു. 125 രാജ്യങ്ങളിൽ 111- മത് സ്ഥാനമാണ് ഇന്ത്യയ്ക്ക്. അതാകട്ടെ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പുറകിലും. കഴിഞ്ഞ വർഷം 107 – മത് സ്ഥാനത്തായിരുന്നു രാജ്യം. 2014 മോദി ഭരണമാരംഭിക്കുമ്പോൾ ഇന്ത്യ 55 – മത് സ്ഥാനത്താണ് ഉണ്ടായിരുന്നത്. ഒമ്പതര വർഷം കൊണ്ട് പട്ടിണിക്കാരുടെ സംഖ്യ കുതിച്ചുയർന്നു. 55 ൽ നിന്ന് 111 ലേക്ക് ദയനീയമായ പതനം. കേന്ദ്ര സർക്കാരിന്റെയും സംഘ പരിവാറിൻ്റെയും പ്രചാരണങ്ങളുടെ പൊള്ളത്തരമാണ് ആഗോള പട്ടിണി സൂചിക തുറന്നു കാണിക്കുന്നത്.
ആരോഗ്യമേഖലയിൽ പിന്നിൽ
ആരോഗ്യ പരിരക്ഷയുടെ കാര്യത്തിൽ ലോകത്തെ 161 രാജ്യങ്ങളിൽ ഇന്ത്യ 123-ാമത് സ്ഥാനത്താണുള്ളത്. ആരോഗ്യമേഖലയിലെ ധനവിനിയോഗത്തിൽ 157-മത് സ്ഥാനം. ഇന്ത്യക്കു പിന്നിൽ നാലുരാജ്യങ്ങൾ മാത്രമാണുള്ളത്. ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുതൽമുടക്ക് ആകെ വിഹിതത്തിൻ്റെ 3.64 ശതമാനം മാത്രമാണ്. ചൈനയിലും റഷ്യയിലും ഇത്10 ശതമാനമാണ്. നേപ്പാൾ 7.8 ശതമാനവും പാകിസ്ഥാൻ 4.3 ശതമാനവും മാറ്റിവയ്ക്കുന്നു.
മാനവശേഷി വികസന സൂചികയിലും പിന്നിൽ
മാനവശേഷി വികസന സൂചികയിൽ 191 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ 132–മതാണ്. ആയുർദൈർഘ്യം, പഠന കാലയളവ്, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കുന്നത്. ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യക്കു മുന്നിൽ നിൽക്കുന്നു.
ലിംഗസമത്വത്തിലും പിന്നിൽ
ലിംഗസമത്വത്തിലും ഇന്ത്യ അതിവേഗം പിന്നോട്ട് പോവുകയാണ്. രാജ്യത്ത് അസമത്വം വൻ തോതിൽ വർധിക്കുകയാണെന്ന് ലോക സാമ്പത്തിക ഫോറത്തിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിൽ പങ്കാളിത്തത്തിൽ 146 രാജ്യങ്ങളിൽ 140-ാം സ്ഥാനത്താണ് ഇന്ത്യ.
മാധ്യമ സ്വാതന്ത്ര്യം തകർത്തു
മോദി അധികാരമേറ്റതോടെ അടിച്ചമർത്തലും മാധ്യമങ്ങളുടെ ലജ്ജാകരമായ വിധേയത്വവും ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന് വലിയ തിരിച്ചടിയായി. വിലയ്ക്കെടുത്തും ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളെ കേന്ദ്ര സർക്കാർ വരുതിയിലാക്കി. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ 161–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 150–ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഇന്റർനെറ്റ് നിരോധനത്തിൽ മുന്നിൽ
കേന്ദ്ര സർക്കാരിനും സംഘ പരിവാറിനും എതിരെയുള്ള വിമർശനം തടയുന്നതിന് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുന്നതിൽ മോദി ഭരണം കുപ്രസിദ്ധി നേടി. 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധിച്ച രാജ്യം ഇന്ത്യയാണ്. ലോകത്തുണ്ടായ 187 നിരോധനങ്ങളിൽ 84 ഉം ഇന്ത്യയിലായിരുന്നു.
പാസ്പോർട്ടിൻ്റെ മൂല്യവും ഇടിച്ചു
മോദി ഭരണത്തിൽ ഇന്ത്യൻ പാസ്‌പോർട്ടിൻ്റെ മൂല്യവും ഇടിഞ്ഞു. ഹെൻലി പാസ്‌പോർട്ട് സൂചികപ്രകാരം 2023ൽ 85-ാം സ്ഥാനത്താണ് ഇന്ത്യ. 2013ൽ 74-ാം സ്ഥാനത്തായിരുന്നു. മുൻകൂട്ടി വിസ നേടാതെ നിർദിഷ്ട രാജ്യത്തിൻ്റെ പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയുന്നതിൻ്റെ അടിസ്ഥാനത്തിലാണ് സൂചിക.