ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വർഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങൾ പിന്നോട്ട് പോയി 111ലേക്ക് പിന്തള്ളപ്പെട്ടു.
2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളിൽ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകൾ പുറത്തുവരുന്നത്. പാക്കിസ്ഥാൻ (102), ബംഗ്ലദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം. 2014ൽ 55-മത് സ്ഥാനത്തായിരുന്ന ഇന്ത്യയാണ് മോദിയുടെ ഒമ്പത് വർഷത്തെ ഭരണം കൊണ്ട് 111 – മത് സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. ശിശുക്കളുടെ പോഷകാഹാരക്കുറവും ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. 18.7 ശതമാനം. ശിശു മരണനിരക്ക് 3.1 ശതമാനമാണ്.
15നും 24നും ഇടയിലുള്ള 58.1 ശതമാനം പെൺകുട്ടികൾക്ക് ശരിയായ പോഷണം ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിൻ്റെ അപര്യാപ്തത, കുട്ടികളുടെ പോഷകാഹാര നിലവാരത്തിലെ കുറവുകൾ, ശിശുമരണ നിരക്ക് എന്നിവ മാനദണ്ഡമാക്കിയാണ് ഏഴ് യൂറോപ്യൻ സർക്കാരിതര സംഘടനകളുടെ ശൃംഖലയായ ‘അലയൻസ് 2015’ പട്ടിക പുറത്തിറക്കിയത്.
സെപ്റ്റംബറിൽ പുറത്തുവന്ന മനുഷ്യവികസന സൂചികയിലും ഇന്ത്യ അയൽരാജ്യങ്ങളേക്കാൾ ഏറെ പിന്നിലായിരുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് മോദി അവകാശപ്പെടുമ്പോഴാണ് ആഗോള സൂചികകളിലെല്ലാം പിന്നോട്ട് പോകുന്നത്.