വീരപ്പൻ വേട്ടയുടെ പേരിൽ തമിഴ്നാട് വചാത്തിയിൽ 18 ഗോത്രവർഗ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികൾക്ക് തടവുശിക്ഷ വിധിച്ച ധർമപുരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഉദ്യോഗസ്ഥർ സമർപ്പിച്ച അപ്പീൽ തള്ളിയാണ് ജസ്റ്റിസ് വേൽമുരുകന്റെ ചരിത്രവിധി. വചാത്തി കൂട്ടബലാത്സംഗ കേസിൽ 2011ലാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.
സിപിഎം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് വചാതി ആദിവാസി ഗ്രാമത്തിൽ വനംവകുപ്പുകാരും പോലീസും നടത്തിയ കൊടുംപീഡനവും ലോക്കപ്പ് മർദനവും പുറംലോകം അറിഞ്ഞത്. വേട്ടയാടപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ സിപിഎം നടത്തിയ പോരാട്ടത്തിൻ്റെ വിജയമാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
1992-ൽ വീരപ്പനെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥർ വചാത്തി ഗ്രാമം ആക്രമിക്കുകയായിരുന്നു. കുടിലുകൾ തകർക്കുകയും ഗോത്രവർഗസ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും റവന്യൂ ജീവനക്കാരുമാണ് പ്രതികൾ. 18 ഗോത്രവർഗ്ഗ യുവതികളെയാണ് 269-ഓളം സർക്കാരുദ്യോഗസ്ഥർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇവരെ ട്രക്കിൽ കയറ്റി വനം വകുപ്പ് റെയ്ഞ്ച് ഓഫീസിൽ കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കി. 100ലേറെ പുരുഷന്മാരെ ക്രൂരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥ സംഘം ഗ്രാമം മുഴുവൻ കൊള്ളയടിച്ചു. 126 ഫോറസ്റ്റ് ഉദ്യോഗസ്ഥരും 84 പോലീസുകാരും അഞ്ചു റവന്യൂ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് 2011 സെപ്റ്റംബറിൽ സെഷൻസ് കോടതി കണ്ടെത്തി. കേസിലെ 54 പ്രതികൾ ഇതിനകം മരിച്ചു.
പ്രതികൾക്ക് പത്തു വർഷം വരെയുള്ള തടവുശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. ഇതു ശരിവച്ച ഹൈക്കോടതി അതിക്രമത്തിന് ഇരയായവർക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിൽ പകുതി ശിക്ഷിക്കപ്പെട്ടവരിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിട്ടു.
ബലാൽസംഗത്തിനിരയാക്കിയത് പുറത്തു പറഞ്ഞാൽ ഗ്രാമത്തിലെ പുരുഷന്മാരെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതു മൂലം ഒരു മാസത്തോളം കഴിഞ്ഞാണ് ഉദ്യോസ്ഥരുടെ ക്രൂരത പുറത്തറിഞ്ഞത്.