മുംബൈ: മാധ്യമപ്രവർത്തകരെ ധാബകളിലേക്ക് കൊണ്ടുപോയി സൽക്കരിക്കണമെന്ന് അണികൾക്ക് നിർദേശം നൽകി ബിജെപി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ. നെഗറ്റീവ് വാർത്തകൾ ഒഴിവാക്കാനാണ് മാധ്യമപ്രവർത്തകരെ ഇത്തരത്തിൽ സൽകരിക്കുന്നത്. അഹമ്മദ് നഗറിലെ പോളിങ് ബൂത്തുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന ബിജെപി പ്രവർത്തകരുടെ യോഗത്തിലായിരുന്നു സൽക്കാര ആഹ്വാനം. ഇതുമായിബന്ധപ്പെട്ട് ചന്ദ്രശേഖർ ബവൻകുലെയുടെ ഓഡിയോ ക്ലിപ് പുറത്ത് വന്നതോടെ വിഷയം വിവാദമായി.
“ന്യൂസ് പോർട്ടലുകൾ നടത്തുന്ന ചെറുകിട വീഡിയോ ജേർണലിസ്റ്റുകൾ ചിലപ്പോൾ ഒരു ചെറിയ സംഭവം ഏതെങ്കിലും സ്ഫോടനം നടന്നപോലെ അവതരിപ്പിക്കുന്നു. അത്തരം ശല്യം സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക, അവരെ ധാബകളിലേക്ക് ഒരു കപ്പ് ചായക്കായി ക്ഷണിക്കുക. അതോടെ അവർ നമ്മൾക്കെതിരെ ഒന്നും എഴുതില്ല. ചായക്ക് ക്ഷണിക്കുന്നതിലൂടെ ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാം’– ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. സംഭവം വിവാദമായതോടെ, മാധ്യമപ്രവർത്തകരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന വാദവുമായി ബിജെപി നേതാവ് രംഗത്തെത്തി.