മണിപ്പൂർ സംഘർഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തതിന് മധ്യപ്രദേശ് പോലീസ് കേസെടുത്ത സീറോ മലബാർ സഭാ വൈദികൻ ആത്മഹത്യ ചെയ്തു. സീറോ മലബാർ സഭയിലെ വൈദികനും സാഗർ അതിരൂപതാംഗവുമായ ഫാദർ അനിൽ ഫ്രാൻസിസ് (40) ആണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുൻപാണ് ഫാ.അനിൽ ഫ്രാൻസിസ് മണിപ്പൂർ അക്രമത്തെക്കുറിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്തത്. പിന്നാലെ ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനുപിന്നാലെ വൈദികൻ മാനസിക പിരിമുറുക്കത്തിലും സമ്മർദ്ദത്തിലുമായിരുന്നുവെന്ന് രൂപത പ്രതിനിധികൾ ആരോപിച്ചു.
സെപ്‌തംബർ 14നാണ് മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശിയാണ് അനിൽ ഫ്രാൻസിസ്. 13ന് ബിഷപ് ഹൗസ് സന്ദർശിച്ച അനിൽ പ്രാർത്ഥനയിലും പങ്കെടുത്തിരുന്നു. തുടർന്ന് കാണാതായി. പിന്നേറ്റ് കന്റോൺമെന്റ് പ്രദേശത്തെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. അനിലിന്റേതായി കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ തൻ്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് പറയുന്നത്. ആഗ്രഹം പോലെ സംസ്‌കാരം നടത്തുമെന്ന് ബിഷപ്പ് ജയിംസ് അത്തിക്കളം അറിയിച്ചു.