ഈ വർഷം എട്ടുമാസത്തിനകം രാജ്യത്ത് 23 സംസ്ഥാനങ്ങളിലായി ക്രൈസ്തവർക്കുനേരെ 525 ആക്രമണങ്ങൾ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ കൗൺസിൽ റിപ്പോർട്ടൽ ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ആക്രമണമുണ്ടായത്-211. ഛത്തീസ്ഗഢിൽ 118 ഉം ഹരിയാനയിൽ 39 ഉം ആക്രമണമുണ്ടായി. കലാപം തുടരുന്ന മണിപ്പുരിനെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. അവിടെ നൂറുകണക്കിനു പള്ളികൾ തകർക്കുകയും 200 പേർ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
പതിമൂന്ന് ജില്ലകളിൽ ക്രൈസ്തവരുടെ ജീവിതം അങ്ങേയറ്റം അപകടകരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽമാത്രം ഇക്കൊല്ലം 51 അക്രമസംഭവമുണ്ടായി. കൊണ്ടഗാവ് (ഛത്തീസ്ഗഢ്), അസംഗഢ് (യുപി) എന്നിവിടങ്ങളിൽ 14 വീതവും യുപിയിലെ ജ്വാൻപുർ, റായ്ബറേലി, സീതാപുർ എന്നിവിടങ്ങളിൽ 13 വീതവും കാൺപുരിൽ 12ഉം ഹർദോയ്, മഹാരാജ്ഗഞ്ച്, കുശിനഗർ, മൗ എന്നിവിടങ്ങളിൽ 10 വീതവും ആക്രമണം നടന്നു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പേരിൽ 520 ക്രൈസ്തവരെ കേസുകളിൽ കുടുക്കി.
ചില ഗ്രാമങ്ങളിൽ കുടിവെള്ളവും പൊതുനിരത്തുകളിൽ സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കുന്നതടക്കമുള്ള വിവേചനങ്ങളും ക്രൈസ്തവർ നേരിടുന്നു. സ്വന്തമായുള്ള ഭൂമിയിൽ കൃഷി ചെയ്യാൻ വരെ അനുവദിക്കുന്നില്ല. ജൂണിൽമാത്രം 89 ആക്രമണം റിപ്പോർട്ട് ചെയ്തു.