എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അംഗങ്ങൾക്കെതിരെ മണിപ്പൂർ സർക്കാർ കേസെടുത്തു. സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ സമിതിയിലെ മൂന്ന് അംഗങ്ങൾക്കെതിരെയാണ് കേസ്.
കേസെടുത്ത വിവരം മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് ആണ് അറിയിച്ചത്. എല്ലാ സമുദായ പ്രതിനിധികളെയും കാണാതെ, ചില വിഭാഗങ്ങളെ മാത്രം കണ്ട് നിഗമനത്തിലെത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് ബിരേൻ സിംഗിൻ്റെ വാദം. ഇംഫാലിലെ സാമൂഹികപ്രവർത്തകൻ എൻ ശരത് സിംഗ് നൽകിയ പരാതിയിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ആഗസ്റ്റ് 7 മുതൽ 10 വരെ മണിപ്പുർ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയ മുതിർന്ന മാധ്യമപ്രവർത്തകരായ സീമ ഗുഹ, സഞ്ജയ് കപുർ, ഭരത് ഭൂഷൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സമിതിയുടെ റിപ്പോർട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്‌പോൺസേർഡും’ ആണെന്ന് എഫ്‌ഐആറിൽ പറയുന്നു. മണിപ്പൂർ കലാപത്തിൽ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി മെയ്തി വിഭാഗത്തിനൊപ്പം നിന്നെന്നാണ് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തൽ.