ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദേശം പഠിക്കാൻ സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷൻ. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഒരു ‘രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിർമാണം നടന്നേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ നിർണായക നീക്കം. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
അഞ്ചുദിവസമാണ് പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനം ചേരുക. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകൾ തെരഞ്ഞെടുപ്പ് കമ്മിഷനുൾപ്പെടെയുള്ളവരുമായി ചേർന്ന് പാർലമെന്റ് പാനൽ നേരത്തെ പരിശോധിച്ചിരുന്നു. അതേസമയം, ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസം ഒഴിവാകുമെന്നുമാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.