ദില്ലി: പാചക വാതകത്തിന് 200 രൂപ സബ്സിഡി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകം. ബിജെപി കേന്ദ്രത്തിൽ അധികാരമേറ്റശേഷം ഗാർഹിക പാചക വാതക സിലിണ്ടറിന് 800 രൂപയാണ് വർധിപ്പിച്ചത്. കോവിഡിൻ്റെ മറവിൽ സബ്സിഡി നിഷേധിച്ചു. കോവിഡിനു ശേഷവും ജനങ്ങളുടെ മുറവിളി ചെവിക്കൊണ്ടില്ല. മാത്രമല്ല, അടിക്കടി വില കയറ്റി ജനങ്ങളെ കൊള്ളയടിച്ചു. രക്ഷാബന്ധൻ ദിനത്തിലാണ് മോദി 200 രൂപ സബ്സിഡി പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ പോവുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ ഏഴുമാസമായി ശരാശരി 80 ഡോളറിൽ തുടരുമ്പോഴും അനങ്ങാത്ത സർക്കാരാണ് തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ ഇളവ് പ്രഖ്യാപിച്ചത്.
പാചകവാതകത്തിന് നൽകിയിരുന്ന സബ്സിഡി 2021 ജൂണിലാണ് മോദി സർക്കാർ പിൻവലിച്ചത്. കോവിഡ് കാലത്തെ അടച്ചിടലിനെ തുടർന്ന് ഇടിഞ്ഞ ക്രൂഡോയിൽ വില പടിപടിയായി ഉയർന്ന ഘട്ടത്തിലായിരുന്നു ഇത്. 2022 സെപ്തംബറിൽ വീണ്ടും ഇടിഞ്ഞ് 90 ഡോളറിന് താഴെയെത്തി. കഴിഞ്ഞ മാർച്ചിൽ 68 ഡോളറായി. അപ്പോഴും സബ്സിഡി പുനഃസ്ഥാപിക്കാൻ കേന്ദ്രം തയ്യാറായില്ല. മോദി ഭരണത്തിലേറുമ്പോൾ സിലിണ്ടറിന് 410 രൂപ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴിത് 1100 രൂപയിൽ കൂടുതലാണ്. പലപ്പോഴായി 800 രൂപയോളം വർധിപ്പിച്ചു.
രക്ഷാബന്ധൻ ദിവസത്തിൽ സഹോദരിമാർക്ക് ആശ്വാസമേകാനാണിതെന്നാണ് മോദിയുടെ പരിഹാസ്യമായ അവകാശവാദം. നടപ്പുവർഷം എണ്ണക്കമ്പനികളുടെ ലാഭം ഒരു ലക്ഷം കോടി എത്തുമെന്നും അമിത ഇന്ധന നികുതിയിലൂടെ കേന്ദ്രവരുമാനം 3.39 ലക്ഷം കോടിയാകുമെന്നുമുള്ള കണക്കുകളുണ്ട്. ഇതിനിടെയാണ് നടപ്പുവർഷം 7680 കോടി രൂപമാത്രം അധികചെലവ് വരുന്ന സബ്സിഡി പ്രഖ്യാപനം.