കോണ്‍ഗ്രസിന്റെ ഹിന്ദുത്വ പ്രീണന നിലപാട് വീണ്ടും തുറന്നുപറഞ്ഞ് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി എ ബി വാജ്പേയി അല്ലെന്നും
പി വി നരസിംഹ റാവു ആണെന്നും അയ്യര്‍ തുറന്നടിച്ചു. ആത്മകഥയായ ‘മെമ്മോയിര്‍സ് ഓഫ് എ മാവെറിക്കി’ന്റെ പ്രകാശനചടങ്ങിലാണ് പ്രതികരണം.
നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെയാണ് 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ ബാബ്റി മസ്ജിദ് തകര്‍ത്തത്. കേന്ദ്രസേനയെ വിന്യസിച്ചെങ്കിലും അവര്‍ സംഘപരിവാറുകാരെ തടഞ്ഞില്ല. റാവുവിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസേന നിഷ്ക്രിയമായതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് മണി ശങ്കര്‍ അയ്യരുടെ വാക്കുകള്‍.
സംഘപരിവാര്‍ രഥയാത്രയും മറ്റുമായി അയോധ്യവിഷയം ഉയര്‍ത്തിയ ഘട്ടത്തില്‍ റാംറഹീം യാത്രയെന്ന പേരില്‍ ഒരു മതസൗഹാര്‍ദ യാത്ര അയ്യര്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റാവുവിനെ കണ്ട വേളയില്‍ അദ്ദേഹം എത്രമാത്രം വര്‍ഗീയവാദിയാണെന്നും എത്രമാത്രം ഹിന്ദുത്വ പക്ഷപാതിയാണെന്നും ബോധ്യപ്പെട്ടതായി അയ്യര്‍ പറഞ്ഞു. ‘യാത്രയോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ റാവു എന്നാല്‍ മതനിരപേക്ഷത സംബന്ധിച്ച എന്റെ നിര്‍വചനത്തോട് യോജിപ്പില്ലെന്ന് പറഞ്ഞു. ഇതൊരു ഹിന്ദുരാജ്യമാണെന്ന യാഥാര്‍ഥ്യം മണി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഇതുതന്നെയാണ് ബിജെപിയും പറയുന്നതെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു.
ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി വാജ്പേയി അല്ല. അത് റാവുവാണ്’അയ്യര്‍ പറഞ്ഞു. ബാബ്റി മസ്ജിദ് തകര്‍ക്കുന്ന ഘട്ടത്തില്‍ റാവു പൂജയുടെ തിരക്കിലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോണിയ ഗാന്ധി, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോകസഭാംഗം മനീഷ് തിവാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസംഗം.