ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ശിക്ഷാഇളവ് നൽകി വിട്ടയച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ചില പ്രതികളെമാത്രം തിരഞ്ഞുപിടിച്ച് ശിക്ഷാഇളവ് നൽകുന്നത് എന്തുകൊണ്ടെന്ന് കേന്ദ്രസർക്കാരിനോടും ഗുജറാത്ത് സർക്കാരിനോടും സുപ്രീംകോടതി ചോദിച്ചു. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ശിക്ഷാഇളവ് നൽകി വിട്ടയച്ചതിനെതിരായ ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത്.
‘അർഹതയുള്ള എല്ലാ പ്രതികൾക്കും ശിക്ഷാഇളവ് നൽകി വിട്ടയക്കണം. എന്നാൽ, ഇവിടെ ചിലർക്കുമാത്രം ആനുകൂല്യം അനുവദിക്കുന്ന കാഴ്ചയാണ് കാണുന്നത്. 14 വർഷം തടവുശിക്ഷ അനുഭവിച്ച അർഹതയുള്ള എല്ലാ പ്രതികൾക്കും ശിക്ഷാഇളവിന് അർഹതയുണ്ട്. ഇവിടെ അത് സംഭവിച്ചിട്ടുണ്ടോ?’ സുപ്രീംകോടതി ചോദിച്ചു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിൽക്കിസ്ബാനു കേസിലെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്കും ശിക്ഷാഇളവ് നൽകി വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെയും ആ നടപടി ശരിവച്ച കേന്ദ്രസർക്കാരിൻ്റെയും തീരുമാനം വൻ വിവാദമായിരുന്നു. സർക്കാർ നടപടിക്കെതിരെ ബിൽക്കിസ് ബാനു നൽകിയ ഹർജിയും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, മൊഹുവാ മൊയ്ത്ര എംപി തുടങ്ങിയവർ സമർപ്പിച്ച പൊതുതാൽപ്പര്യഹർജികളുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.