രാജ്യത്ത് ചില്ലറവില്‍പ്പനവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം (പണപ്പെരുപ്പം) വീണ്ടും കുതിച്ചുയര്‍ന്നു. ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് 7.44 ശതമാനത്തിലേക്ക് ഉയര്‍ന്നതായി കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞമാസം 4.8 ശതമാനമായിരുന്നു.
ധാന്യങ്ങള്‍, പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് കാരണമായത്. തോത് ആറ് ശതമാനത്തില്‍ അധികമാകുന്നത് സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും എന്ന റിസര്‍വ് ബാങ്ക് നിരീക്ഷണം വന്നതിന് തൊട്ടുപുറകെയാണ് ജനജീവിതം ദുസ്സഹമാക്കിയ കണക്കുകള്‍ പുറത്തുവന്നത്.
ഭക്ഷ്യോല്‍പ്പന്ന വിലസൂചിക ജൂണിലെ 4.49 ശതമാനത്തില്‍നിന്ന് 11.51 ശതമാനമായി. രാജ്യത്ത് പച്ചക്കറി വില 37.3 ശതമാനം ഉയര്‍ന്നപ്പോള്‍ ധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും 13 ശതമാനത്തിലധികം വില കൂടുതല്‍ നല്‍കേണ്ടിവന്നുവെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ആഗസ്തിലും വിലക്കയറ്റം ഉയരുമെന്നാണ് കഴിഞ്ഞദിവസം പണനയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിച്ചത്.
വിലക്കയറ്റത്തോത് ദേശീയശരാശരിയിലും താഴെ 6.43 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുറവ് ഒരു ശതമാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വിലക്കുറവും കേരളത്തിലാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 8.13 ശതമാനവും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 9.66 ശതമാനവുമാണ് വിലക്കയറ്റം. മണിപ്പൂര്‍ ഒഴികെ പശ്ചിമബംഗാളടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും വിലക്കയറ്റം കുറച്ചുകൊണ്ടുവരാനായി.
ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. തിങ്കള്‍ ഇന്റര്‍ ബാങ്ക് ഫോറെക്സ് വിപണിയില്‍ അമേരിക്കന്‍ ഡോളറിനെതിരെ 83.02 നിരക്കിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. മുന്‍ദിവസത്തെ അവസാന നിരക്കായ 82.84ല്‍നിന്ന് 18 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. 2022 ഒക്ടോബറിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഈ വര്‍ഷാരംഭത്തിലെ നിരക്കുമായി ഒത്തുനോക്കുമ്പോള്‍ 22 പൈസയാണ് രൂപയുടെ മൂല്യത്തില്‍ നഷ്ടമായത്.
ഡോളര്‍ ശക്തിപ്പെട്ടതും വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം ഇന്ത്യയില്‍നിന്ന് പിന്‍വലിക്കുന്നതും ഇന്ത്യന്‍ ഓഹരിവിപണി ദുര്‍ബലമായതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം ഇടിയുന്നത് പണപ്പെരുപ്പം വീണ്ടും ഉയരാനിടയാക്കും. കഴിഞ്ഞവര്‍ഷം രൂപയുടെ മൂല്യം പത്തുശതമാനത്തിലേറെ ഇടിഞ്ഞിരുന്നു